ദുബായ്: എമിറേറ്റില്‍ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം പ്രാക്ടീസ് ചെയ്യാനുള്ള ഹൃസ്വകാല അനുമതി നല്‍കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി.
ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പുരോഗമിക്കുന്ന ‘അറബ് ഹെല്‍ത്ത് കോണ്‍ഗ്രസി’ലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. അടിയന്തരഘട്ടങ്ങളും അത്യാഹിതങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രദേശിക ആരോഗ്യ സംവിധാനങ്ങള്‍ പൂർണ സജ്ജമായിരിക്കാൻ വേണ്ടിയാണ് സംവിധാനം ലക്ഷ്യമിടുന്നത്.
എമിറേറ്റിലെ ആരോഗ്യ സേവന സംവിധാനങ്ങളില്‍ മെഡിക്കല്‍ പ്രഫഷനലുകളുടെ സാന്നിധ്യം ആവശ്യത്തിന് ഉറപ്പുവരുത്താനും പദ്ധതി ഉപകരിക്കും. താല്‍ക്കാലികമായി അനുവദിക്കുന്ന പെർമിറ്റ് തൊഴില്‍ തേടുന്നവർക്കും ആശുപത്രികള്‍ക്കും വലിയ രീതിയില്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഫഷനല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് ദുബായില്‍ താല്‍ക്കാലിക ജോലിയില്‍ പ്രവേശിക്കാൻ സാധിച്ചാല്‍ ഭാവിയില്‍ തൊഴില്‍ അന്വേഷിക്കുന്നതിനും ഉപകാരപ്പെടും.