NEWSWorld

അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 14 വര്‍ഷം തടവ്; 10 വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

ഇസ്ലാമാബാദ്: തോഷാഖാന അഴിമതി കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിയ്ക്കും 14 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇസ്ലാമാബാദ് കോടതി. 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കി. 78.7 കോടി പാക്കിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായിരുന്ന 2018-22 കാലത്തു വിദേശത്ത്‌നിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാന്‍ രൂപ വിലവരുന്ന സമ്മാനങ്ങള്‍ കുറഞ്ഞവിലയ്ക്കു സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലേലത്തില്‍ വാങ്ങിയ ശേഷം മറിച്ചുവിറ്റുവെന്നതാണ് കേസ്. തോഷാഖാന എന്നാല്‍ ഖജനാവ് എന്നാണ് അര്‍ഥം.

രഹസ്യസ്വഭാവമുളളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ രേഖകള്‍ പരസ്യമാക്കിയ കേസില്‍ ഇമ്രാന്‍ഖാനെ ഇന്നലെ 10 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തോഷാഖാന കേസില്‍ കോടതിവിധി വരുന്നത്. ഇമ്രാന് പുറമെ മുന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്കും കോടതി ഇന്നലെ പത്ത് വര്‍ഷം തടവ് വിധിച്ചിരുന്നു.

Signature-ad

കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ ജയിലിലാണ്. ഫെബ്രുവരി എട്ടിന് പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന വിധികള്‍ എന്നതാണ് ശ്രദ്ധേയം.

Back to top button
error: