KeralaNEWS

രാജ്യസഭയിലേക്ക് ഇനി സീറ്റില്ല;ശോഭയെ വെട്ടി മുരളീധരൻ ആറ്റിങ്ങലിലേക്ക് 

തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങലിൽ മത്സരിക്കാൻ വി മുരളീധരൻ.
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി തുടരുന്ന മുരളീധരന്റെ രാജ്യസഭാ അംഗത്വ കാലാവധി ഈ വർഷം ഏപ്രിലോടെ അവസാനിക്കും.ഇനി സീറ്റില്ല, കേരളത്തിൽ നിന്നും മത്സരിച്ചു ജയിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ഉത്തരവ്.
2018 ഏപ്രിലിലാണ് വി. മുരളീധരൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും തുടർന്ന് മന്ത്രിയാകുകയും ചെയ്തത്.മഹാരാഷ്ട്രയില്‍ നിന്നായിരുന്നു വി മുരളീധരന്റെ രാജ്യസഭാ പ്രവേശനം.മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളനുസരിച്ച്‌ ബി.ജെ.പിക്ക് മൂന്ന് സീറ്റുകളിലും എതിരില്ലാതെ തങ്ങളുടെ സ്ഥാനാർഥികളെ വിജയിപ്പിച്ചെടുക്കാൻ സാധിക്കും.എന്നാൽ വി മുരളീധരനോട് ലോക് സഭാ ഇലക്ഷനിൽ മത്സരിക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ഉപദേശം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം നിർദേശം നല്‍കിയതായുള്ള സൂചന മുരളീധരൻ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മുരളീധരൻ ജനവിധി തേടുമെന്നാണറിയുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച്‌ മുരളീധരൻ പ്രവർത്തിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് ആറ്റിങ്ങലില്‍ പ്രവർത്തിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയത്.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വി.മുരളീധരൻ പരസ്യമായി പറഞ്ഞത് ചില കണക്കുകൂട്ടലുകളോടെയായിരുന്നു. ശോഭ സുരേന്ദ്രനും ഇവിടെ മത്സരിക്കാൻ താത്പര്യപ്പെടുന്നുണ്ട്.മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച്‌ പാർട്ടിയുടെ വോട്ടുകള്‍ വർധിപ്പിച്ച ശോഭ സുരേന്ദ്രൻ ഇതില്‍ തന്റെ അതൃപ്തി നേരത്തെ തന്നെ പരസ്യമാക്കിയിരുന്നു. പാർട്ടി ആരേയും സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്.
പാർട്ടി ജില്ലാ നേതൃത്വത്തിലെ ചിലർക്കും മുരളീധരന്റെ സ്ഥാനാർഥിത്വത്തോട് യോജിപ്പില്ല. ശോഭ സുരേന്ദ്രൻ തന്നെ ഇവിടെ വീണ്ടും മത്സരിക്കണമെന്നാണ് അവരുടെ ആവശ്യം. 2014-ല്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം 10.53 ശതമാനമായിരുന്നത് 2019-ല്‍ ശോഭ മത്സരിച്ചതോടെ 25 ശതമാനത്തിലേക്കെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ശോഭയെ വെട്ടി മുരളീധരൻ ഇവിടെ മത്സരിക്കാൻ തയ്യാറെടുക്കുന്നതെന്നാണ് ശോഭ സുരേന്ദ്രൻ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്.

Back to top button
error: