IndiaNEWS

സിമി നിരോധനം അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടി

ന്യൂഡൽഹി: സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ(സിമി) നിരോധനം അഞ്ചു വർഷത്തേക്കുകൂടി നീട്ടി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. യു.എ.പി.എ നിയമപ്രകാരം നിയമവിരുദ്ധ സംഘടനയെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

ഭീകരവാദത്തോട് സഹിഷ്ണുതയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തിക്കൊണ്ട് യു.എ.പി.എ പ്രകാരം അഞ്ചു വർഷത്തേക്കുകൂടി സിമിയുടെ നിരോധനം നീട്ടുകയാണെന്ന് അമിത് ഷായുടെ പോസ്റ്റിൽ പറയുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന തരത്തിൽ സംഘടന മതസൗഹാർദവും സമാധാനവും തകർക്കുകയും ഭീകരവാദത്തെ വളർത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

Signature-ad

 

1977ൽ ഉത്തർപ്രദേശിലാണ് സിമി രൂപംകൊള്ളുന്നത്. 2001ൽ സെപ്റ്റംബർ 11 ആക്രമണത്തിനു പിന്നാലെ എ.ബി വാജ്‌പെയി സർക്കാരാണ് ഭീകരസംഘടനയാണെന്നു പറഞ്ഞ് ആദ്യമായി നിരോധനമേർപ്പെടുത്തിയത്. 2008 ഓഗസ്റ്റിൽ സ്‌പെഷൽ ട്രിബ്യൂൺ നിരോധനം നീക്കിയെങ്കിലും ദിവസങ്ങൾക്കകം ദേശീയ സുരക്ഷ മുൻനിർത്തി സുപ്രിംകോടതി നിരോധനം പുനഃസ്ഥാപിച്ചു. 2014ലും 2019ലും നിരോധനം നീട്ടിയിരുന്നു.

Back to top button
error: