ഇതു മൂലം ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സ്ഥിരം യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. പാത അറ്റകുറ്റപ്പണി മൂലമാണ് ട്രെയിനുകള്‍ വൈകുന്നതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. എന്നാല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ കൃത്യ സമയത്ത് സർവീസ് നടത്തുന്നുമുണ്ട്. ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തുകയാണ്.
യാത്രക്കാർ ട്രെയിനിനകത്ത് കുഴഞ്ഞുവീഴുന്ന സംഭവം പതിവാകുമ്ബോഴും പാലക്കാട് ഡിവിഷനില്‍ നിന്നുള്ള പരിഹാരനിർദേശങ്ങള്‍ക്ക് റെയില്‍വേ ഉന്നതങ്ങളില്‍ നിന്നും നടപടിയില്ല. കോഴിക്കോട് -കണ്ണൂർ റൂട്ടില്‍ പരശുറാം എക്സ് പ്രസിന്റെ സമയത്തോടു ചേർന്ന് പുതിയൊരു മെമു സർവീസ് ആരംഭിക്കാനുള്ള നിർദേശം പാലക്കാട് റെയില്‍വേ ഡിവിഷൻ ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്ക് അയച്ചിട്ട് മാസങ്ങളായി. എന്നാല്‍ മറുപടിയൊന്നുമില്ല.
പരശുറാമിന്റെ മുന്നിലോ പിന്നിലോ സമയം ക്രമീകരിച്ച് മെമു സർവീസ് നടത്തിയാല്‍ പരശുറാമിലെ തിരക്ക് പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കുറഞ്ഞത് 8 കോച്ചോടെ മെമു സർവീസ് ആരംഭിക്കാം. 12 കോച്ചുകള്‍ വരെയും ആവാം. പരശുറാം എക്സ് പ്രസില്‍ യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പതിവായപ്പോള്‍ രണ്ട് പ്രധാന നിർദേശങ്ങളാണ് പാലക്കാട് ഡിവിഷൻ ഓഫിസില്‍നിന്ന് ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്ക് അയച്ചിരുന്നത്. ആദ്യത്തേത് മെമു. അടുത്തത് പരശുറാമില്‍ ഒന്നോ രണ്ടോ കോച്ചുകള്‍ കൂട്ടുക എന്നതും. ഇക്കാര്യമെല്ലാം റെയില്‍വേ അവഗണിക്കുകയായിരുന്നു.
വായു സഞ്ചാരം പോലും തടസ്സപ്പെടുന്ന രീതിയില്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് മൂലം ട്രെയിനിൽ യാത്രക്കാർ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസവും തിരക്കിലും തിരക്കിലും പെട്ട് മംഗളുരു-നാഗർകോവില്‍ പരശുറാം എക്സ് പ്രസില്‍ വിദ്യാർത്ഥിനി കുഴഞ്ഞു വീണിരുന്നു. വന്ദേഭാരത് ട്രെയിൻ കടന്നു പോകാനായി പരശുറാം ഏറെ നേരം പിടിച്ചിട്ടിരുന്നു. തുടർന്ന് കൊയിലാണ്ടി എത്താറായപ്പോഴാണ് വിദ്യാർത്ഥിനി കുഴഞ്ഞുവീണത്.
കഴിഞ്ഞ 20 ദിവസത്തിനിടെ പരശുറാം എക്സ് പ്രസിലെ ആറാമത്തെ സംഭവമായിരുന്നു ഇത്.പലരും കോച്ചുകളില്‍ കയറിപ്പറ്റുന്നത് തന്നെ സാഹസികമായാണ്. യാത്രക്കാർ അവരുടെ ബുദ്ധിമുട്ട് സംബന്ധിച്ച് റെയില്‍വേ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല.