KeralaNEWS

കേരളത്തിന് രണ്ട് വന്ദേഭാരത് എക്സ്‌പ്രസുകൾ കൂടി; ബെംഗളൂരു – എറണാകുളം, ചെന്നൈ -കോട്ടയം റൂട്ടുകളിലെന്ന് സൂചന

കോട്ടയം: ഇന്ത്യൻ റെയില്‍വേ ഈ വർഷം 60 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
രാജ്യത്തെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആയിരിക്കും ഈ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍  സർവീസ് നടത്തുക.2023 ല്‍ മാത്രം 34 വന്ദേ ഭാരത് ട്രെയിനുകളാണ് വിവിധ റൂട്ടുകളിലായി റെയില്‍വേ പുറത്തിറക്കിയത്.
പുതിയ സർവീസുകളിൽ രണ്ടെണ്ണം കേരളത്തിനായിരിക്കുമെന്നാണ് റിപ്പോർട്ട്.ചെന്നൈ- കോട്ടയം റൂട്ടിലും ബാംഗ്ലൂർ- എറണാകുളം റൂട്ടിലുമായിരിക്കും ഇവ സർവീസ് നടത്തുക.ഇതിൽ ചെന്നൈ -കോട്ടയം ശബരിമല സ്പെഷലായി സർവീസ് നടത്തിയിരുന്ന ട്രെയിനാണ്.നിലവിൽ സർവീസ് നടത്തുന്നില്ലെങ്കിലും ഇത് റൂട്ടിൽ സ്ഥിരപ്പെടുത്താനാണ് നീക്കം.
വന്ദേ ഭാരത് എക്‌സ്‌പ്രസ് ലാഭത്തിൽ സർവീസ് നടത്താൻ കഴിയുന്ന 30 റൂട്ടുകൾ റെയില്‍വേ കണ്ടെത്തിയിട്ടുണ്ട്. കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ബീഹാർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്.
നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണ്.ഒക്യുപെൻസി റേറ്റ് പ്രകാരം, 193 ശതമാനം പേരാണ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടില്‍ യാത്ര ചെയ്യുന്നത്.രണ്ട് വന്ദേഭാരത് എക്സ്‌പ്രസുകളാണ്  തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ സർവീസ് നടത്തുന്നത്.
കേരളം കഴിഞ്ഞാല്‍ ഡല്‍ഹി-വാരണാസി, ഡല്‍ഹി-കത്ര റൂട്ടുകളിലാണ് കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത്. ഈ റൂട്ടുകളിലെ ഒക്യുപെൻസി റേറ്റ് 120 ശതമാനമാണ്.ചെന്നൈ-തിരുനെല്‍വേലി റൂട്ടില്‍ 119 ശതമാനവും, മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 114 ശതമാനവും, സെക്കന്ദരാബാദ്-വിശാഖപട്ടണം റൂട്ടില്‍ 110 ശതമാനം യാത്രക്കാരുമാണ് ഉള്ളത്.
 യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ മംഗളൂരു-ഗോവ വന്ദേ ഭാരതാണ്. ഈ റൂട്ടില്‍ 50 ശതമാനം യാത്രക്കാർ മാത്രമാണ് സഞ്ചരിക്കുന്നത്.

Back to top button
error: