IndiaNEWS

റായ്ബറേലിയില്‍ മത്സരിക്കില്ല; പ്രിയങ്ക ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക് 

ന്യൂഡൽഹി:: രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക്.ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിക്ക് യുപി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ ഒരു ചലനവും സൃഷ്ടിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വര്‍ഷത്തോളം പ്രിയങ്ക യുപിയില്‍ പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസിന് രണ്ട് അസംബ്ലി സീറ്റില്‍ വിജയം ഒതുക്കേണ്ടിവന്നു. റായ്ബറേലിയിലെ നിയമസഭാ മണ്ഡലങ്ങള്‍പോലും ബിജെപി പിടിച്ചടക്കിയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റില്‍ ഇനി വിജയിക്കുകയെന്നത് പ്രിയങ്കയ്ക്ക് അപ്രാപ്യമായി മാറാനുള്ള സാധ്യത ചെറുതല്ല.അതിനാൽ കർണാടകയിലോ കേരളത്തിലോ മത്സരിക്കാനാണ് അവർക്ക് താൽപ്പര്യം എന്നാണ് വിവരം.

Signature-ad

അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി മത്സരരംഗത്തുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് മകള്‍ പ്രിയങ്കാ ഗാന്ധിയെ വിജയസാധ്യത ഉള്ളയിടത്ത് നിർത്തി മത്സരിപ്പിക്കാനാണ് കോൺഗ്രസിനും താൽപ്പര്യം അടുത്ത തെരഞ്ഞെടുപ്പില്‍ സോണിയ പ്രചാരണരംഗത്തും സജീവമായി ഉണ്ടാകാനിടയില്ല.അതിനാൽ തന്നെ പ്രിയങ്കയെ ഉയർത്തി കൊണ്ടുവരാനാണ് കോൺഗ്രസ് നീക്കം.

ഉത്തര്‍പ്രദേശില്‍തന്നെ രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയുമൊക്കെ കാലങ്ങളോളം വിജയിച്ചിരുന്ന അമേഠി സീറ്റില്‍ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അര ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ടത്. റായ്ബറേലി കൂടി നഷ്ടമായാല്‍ ഉത്തര്‍ പ്രദേശ് എന്നേക്കുമായി കോണ്‍ഗ്രസിന് കൈവിടുന്ന സാഹചര്യമുണ്ടാകുമോ എന്നാണ് കോണ്‍ഗ്രസ് ക്യാമ്ബില്‍ ഉയരുന്ന ആശങ്ക.

ലോക്സഭ തെരെഞ്ഞെടുപ്പില്‍ ഹരിദ്വാറില്‍ നിന്ന് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും ഉത്തരാഖണ്ഡില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അതേ സമയം അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ച തെലങ്കാനയില്‍ നിന്ന് പ്രിയങ്ക ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം തെലങ്കാന കോണ്‍ഗ്രസ് ഘടകവും മുന്നോട്ട് വെച്ചിട്ടുണ്ട്.

സോണിയാ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങളാല്‍ രാഷ്ട്രീയം വിടുന്നതോടെ ഗാന്ധി കുടുംബം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തമാകുന്ന സാഹചര്യമുണ്ടാകുമോ എന്നു പോലും ആശങ്ക ഉയരുകയാണ്.

സ്വാതന്ത്യം നേടിയശേഷം ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ 17 തവണ വിജയിക്കുകയും മൂന്നു തവണ മാത്രം തോല്‍ക്കുകയും ചെയ്ത മണ്ഡലമാണ് റായ്ബറേലി. 2004 മുതല്‍ സോണിയ ഗാന്ധി തുടര്‍ച്ചയായി ഇവിടെ വിജയിച്ചുകൊണ്ടിരുന്നു.

കാല്‍ നൂറ്റാണ്ട് റായ്ബറേലിയുടെ മുഖവും ശബ്ദവുമായിരുന്ന സോണിയയുടെ വിരമിക്കല്‍നീക്കം ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. ഇതിനൊപ്പം പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനം കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും എത്രത്തോളം നേട്ടമുണ്ടാക്കുമെന്ന ആശങ്കയും ഉയരുകയാണ്.

Back to top button
error: