അമിത സമ്പത്ത് മനസമാധാനം തകർക്കും, അത് മഹാവ്യാധികൾക്കും കാരണമാകും
വെളിച്ചം
ആ ദേശത്ത് പ്രസിദ്ധമായ ഒരു ഗുരുകുലമുണ്ട്. അവിടെ ആഴ്ചയില്‍ ഒരിക്കല്‍ പൊതുജനങ്ങൾക്ക് സംശയ നിവൃത്തി വരുത്തുന്നതിനും ഉപദേശം നല്‍കുന്നതിനുമായി ഗുരുജി ഏവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഒരുദിവസം ഒരാള്‍ ചോദിച്ചു:
“ഗുരുജി, ഒരുവന് സമ്പത്ത് എത്രവരെയാകാം, സമ്പാദിക്കുന്നത് ഒരു തെറ്റാണോ?”
ഗുരുജി പറഞ്ഞു:
“സമ്പാദിക്കുന്നത് തെറ്റല്ല, പക്ഷേ, അമിതമായും അന്യായമായും ഒരു നാണയം പോലും ആരും സമ്പാദിക്കാന്‍ പാടില്ല.”
അതിനുശേഷം ഗുരുജി എണീറ്റുപോയി. അവിടെ താമസിക്കുന്ന കുട്ടികള്‍ക്ക് മുട്ടകൊടുക്കാനായി അദ്ദേഹം ധാരാളം കോഴികളെ വളര്‍ത്തിയിരുന്നു. കോഴിക്കൂട്ടില്‍ നിന്നും ഒരു കൂടനിറയെ മുട്ടയുമായി അദ്ദേഹം തിരികെയെത്തി. എന്നിട്ട് സംശയം ചോദിച്ചയാളിനോട് കൈനീട്ടാന്‍ ആവശ്യപ്പെട്ടു. അയാളുടെ കയ്യിലേക്ക് മുട്ടകള്‍ ഒന്നൊന്നായി വെക്കാന്‍ തുടങ്ങി.
ആദ്യമൊക്കെ മുട്ടകള്‍ ഇരുകയ്യും ചേര്‍ത്ത് പിടിച്ച് ശേഖരിച്ചു. എന്നാല്‍ ഗുരുജി ഒന്നും മിണ്ടാതെ മുട്ടകള്‍ കൊടുത്തുകൊണ്ടേയിരുന്നു. അയാള്‍ പറഞ്ഞു:
“ഗുരുജി എനിക്കുപിടിക്കാന്‍ ആകുന്നില്ല, ദയവായി നിര്‍ത്തൂ.”
ഗുരുജി ഇത് കേട്ടതായി ഭാവിച്ചതേയില്ല. മുട്ടകളെല്ലാം ഒന്നിനുപിറകേ ഒന്നായി താഴെ വീണു പൊട്ടിച്ചിതറി. അതിനുശേഷം ഗുരുജി എല്ലാവരോടുമായി പറഞ്ഞു:
“സമ്പത്ത് സമ്പാദിക്കുന്നതും ഇതുപോലെയാണ്. നമുക്ക് വേണ്ടതുമാത്രമേ ശേഖരിക്കാവൂ. കൂടുതല്‍ സമ്പത്താകുമ്പോള്‍ ആദ്യം ഇതെല്ലാം കൈവിട്ട് താഴെപോകുമോ എന്ന പേടി തുടങ്ങും പിന്നെ മനസമാധാനം പോകും, ദുഃഖിക്കും, അത് രോഗങ്ങളില്‍ ചെന്നെത്തിക്കും.”
ശാരീരിക ആരോഗ്യം നേടുക എന്നപോലെ മാനസിക ആരോഗ്യവും പ്രധാനമാണ്. മനസമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുക എന്നതും വലിയൊരു വരമാണ് ‘
സമാധാനപൂർന്നമായ ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ