ചെന്നൈ: വീട്ടുജോലിക്കാരിയെ മര്‍ദിക്കുകയും പൊള്ളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും അറസ്റ്റിലായി. ദലിത് യുവതിയെ മര്‍ദിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പട്ടികജാതി അതിക്രമ നിരോധന നിയമം ഉള്‍പ്പെടെ 6 വകുപ്പുകളിലായി പൊലീസ് കേസെടുത്തിരുന്നു.
ഉളുന്ദൂര്‍പ്പെട്ട് സ്വദേശിനി രേഖ (18)യാണ് ഇവരുടെ ഉപദ്രവത്തിന് ഇരയായത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടില്‍ വീട്ടുജോലി ചെയ്യുകയാണ്. 12ാം ക്ലാസ് പൂര്‍ത്തിയാക്കിയ രേഖ ഏഴു മാസം മുന്‍പാണ് ചെന്നൈ തിരുവാണ്‍മിയൂരിലുള്ള ആന്റോയുടെ വീട്ടില്‍ ജോലിക്കായി എത്തിയത്. ദലിത് പെണ്‍കുട്ടിയെ എംഎല്‍എയുടെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി.
സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെണ്‍കുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ഉളുന്ദൂര്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് തിരുവാണ്‍മിയൂര്‍ പൊലീസ് കേസെടുത്തത്.