വയനാട്ടിലെ പുല്‍പ്പള്ളിയിൽ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടമുണ്ടായത്.
വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്കു വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് അറിയാതെ അബദ്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. ആദ്യം സരസുവിനാണ് ഷോക്കേറ്റത്. ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണു ശിവദാസിന് ഷോക്കേറ്റത്.
നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുല്‍പ്പള്ളിയിലെ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദ്യുതി വേലി അനധികൃതമായാണ് നിര്‍മിച്ചതെന്നാണു വിവരം. വിവരമറിഞ്ഞ് പൊലീസും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു