ചെന്നൈ: കസ്റ്റഡിയിലെടുത്ത യുവാക്കളോട് കൊടുംക്രൂരത കാട്ടിയ യുവ ഐപിഎസുകാരനും കീഴുദ്യോഗസ്ഥര്‍ക്കുമെതിരെ നാല് കേസുകള്‍. കട്ടിങ് പ്ലയര്‍ കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പിഴുതെടുത്ത അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബല്‍വീര്‍ സിങ്, കള്ളിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിലെ മുന്‍ ഇന്‍സ്പെക്ടര്‍ രാജകുമാരി, കോണ്‍സ്റ്റബിള്‍മാരായ രാമലിംഗം, ജോസഫ് എന്നിവര്‍ക്കെതിരെയാണ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ജമീന്‍ സിങ്കംപട്ടിയിലെ സൂര്യ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബി-സിഐഡി പൊലീസിന്റെ നടപടി.
കള്ളിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനില്‍ വച്ച് താന്‍ അനുഭവിച്ച കസ്റ്റഡി പീഡനത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 323, 324, 326, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഎസ്പി ബല്‍വീര്‍ സിങ്ങിനെതിരെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കസ്റ്റഡിയിലെടുത്ത ശേഷം ബല്‍വീര്‍ സിങ് കട്ടിങ് പ്ലയര്‍ കൊണ്ട് പല്ലുകള്‍ പിഴുതെടുത്തുവെന്നും വൃഷണം ചതച്ചുവെന്നും ആരോപിച്ച് സൂര്യയടക്കം 10 യുവാക്കളാണ് പരാതി ഉന്നയിച്ചത്. തമിഴ്നാട്ടിലെ അംബാസമുദ്രം പൊലീസ് ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളിലായിരുന്നു ക്രൂര സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറകള്‍ തകര്‍ത്തതിന്റെ പേരിലായിരുന്നു യുവാക്കളെ പിടികൂടിയത്.
സംഭവം വിവാദമായതോടെ പൊലീസ് ഡയറക്ടര്‍ ജനറല്‍ സി. ശൈലേന്ദ്രബാബു ഇടപെട്ട് ബല്‍വീര്‍ സിങ്ങിനെ സ്ഥലം മാറ്റി. ദക്ഷിണമേഖലാ ഇന്‍സ്പെക്ടര്‍ ജനറല്‍ അസ്ര ഗാര്‍ഗിനാണ് ബല്‍വീര്‍ സിങ്ങിന്റെ അധിക ചുമതല നല്‍കുകയും ചെയ്തു. ഐഐടി ബോംബെയില്‍ നിന്ന് ബിഇ ബിരുദം നേടിയ 2020 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ബല്‍വീര്‍ സിങ്. 2022 ഒക്ടോബര്‍ 15നാണ് ഇയാള്‍ അംബാസമുദ്രം പൊലീസ് ഡിവിഷനില്‍ എഎസ്പിയായി ചുമതലയേറ്റത്.
ഇന്റലിജന്‍സ് യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സിങ്ങിന്റെ പെരുമാറ്റത്തെക്കുറിച്ച് തുടക്കം മുതല്‍ അറിയാമായിരുന്നുവെന്നും അവര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇവര്‍ക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടി വരില്ലായിരുന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പീഡനം നടക്കുമ്പോള്‍ ഈ പൊലീസ് ഉദ്യോ?ഗസ്ഥന്‍ സ്ഥലത്തുണ്ടായിരുന്നു.
അംബാസമുദ്രം പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെയും രണ്ട് സഹോദരന്മാരെയും ഉപദ്രവിച്ചുവെന്നും പല്ല് പറിച്ചെടുത്ത് പീഡിപ്പിച്ചുവെന്നും ചെല്ലപ്പ എന്ന യുവാവും വെളിപ്പെടുത്തിയിരുന്നു. യൂണിഫോം ഈരിയ ശേഷം ഷോര്‍ട്ട്സും ഗ്ലൗസും ധരിച്ചുകൊണ്ടാണ് ക്രൂര മര്‍ദനം ആരംഭിച്ചതെന്ന് ചെല്ലപ്പയും സഹോദരങ്ങളും വെളിപ്പെടുത്തിയിരുന്നു. ഇവര്‍ ശിവന്തിപുരത്ത് മട്ടണ്‍ സ്റ്റാള്‍ നടത്തുന്നവരാണ്.
കൂടാതെ വായില്‍ മണ്ണ് തിരുകിക്കയറ്റിയ ശേഷം ചുണ്ടുകള്‍ അടിച്ചു പൊട്ടിച്ചെന്നും പരിക്കേറ്റവര്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ മൂന്ന് പല്ലുകളാണ് പ്ലെയര്‍ കൊണ്ട് പറിച്ചെടുത്തതെന്ന് മര്‍ദനമേറ്റ ഒരാള്‍ പറഞ്ഞു. ഈയിടെ വിവാഹം കഴിഞ്ഞ മാരിയപ്പന്‍ എന്നയാളെ മര്‍ദിക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പമുള്ളവര്‍ യുവ ഐപിഎസുകാരനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
നവ വരനാണെന്നും അയാളെ മര്‍ദിക്കരുതെന്നും ബന്ധുക്കള്‍ കേണപേക്ഷിച്ചിട്ടും സിങ് മര്‍ദനം തുടര്‍ന്നു. തുടര്‍ന്ന് ഇയാളുടെ വൃഷണം അടിച്ച് ചതച്ച് കൊടുംക്രൂരക കാട്ടുകയും ചെയ്തു. ആക്രമണത്തില്‍ മാരിയപ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു.