LocalNEWS

പ്രണയ നൈരാശ്യം: വിവാഹിതയായ മുൻ കാമുകിയെയും ഭര്‍ത്താവിനെയും ബന്ധുവിനെയും വീട്ടില്‍ കയറി അക്രമിച്ച യുവാവ് അറസ്റ്റില്‍

    പ്രണയ നൈരാശ്യത്താല്‍ കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭര്‍ത്താവിനെയും ഭാര്യയെയും ബന്ധുവിനെയും കുത്തിപരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റബനീഷാണ്(22) അറസ്റ്റിലായത്. പിലാത്തറ അറത്തി പറമ്പിലെ സി കെ മധു(47), സി കെ സജിത്ത്(34), ഭാര്യ അഞ്ജന(19) എന്നിവരെയാണ് ഇയാള്‍ വീട്ടില്‍കയറി അക്രമിച്ചത്.

അഞ്ജനയുടെ മുന്‍കാമുകനെന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീട്ടിലെത്തി ബഹളംവെച്ചത്. ഇതു ചോദ്യം ചെയ്ത പ്രകോപനത്തിൽ സജിത്തിന്റെ പിതാവിന്റെ സഹോദരന്‍ മധുവിനെയും പിന്നീട് സജിത്തിനെയും ഭാര്യയെയും അക്രമിച്ചു. മൂന്ന് മാസം മുന്‍പാണ് സജിത്ത് അഞ്ജനയെ വിവാഹം ചെയ്തത്.

റബനീഷ് ഏകപക്ഷീയമായി അഞ്ജനയെ പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ വിവാഹം ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ല എന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. വിവാഹശേഷം യുവതിക്കെതിരെ ഭീഷണി മുഴക്കിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു.

സംഭവത്തിനു ശേഷം രക്ഷപ്പെട്ട റബനീഷിനെ പരിയാരം പൊലീസ് ബങ്കളത്തു നിന്നാണ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: