ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയില്‍ വഴിയോരത്തുനിന്നു മുദ്രാവാക്യം വിളിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ്. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ സേനയിലെ എസ്.സന്ദീപ് എന്നിവര്‍ക്കാണ് ആലപ്പുഴ സൗത്ത് പൊലീസ് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കേസില്‍ അനില്‍കുമാര്‍ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്.
നേരത്തേ, കോടതി നിര്‍ദേശപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. കേസെടുത്തിട്ടും ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാത്തതില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
ഡിസംബര്‍ 15നു വൈകിട്ടു 4 മണിക്ക്, നവകേരള സദസ് വാഹനങ്ങള്‍ പോകുമ്പോള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പരാതിക്കാരായ അജയ് ജ്യുവല്‍ കുര്യാക്കോസിനെയും എ.ഡി. തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയെന്നും തുടര്‍ന്നാണു പ്രതികള്‍ മര്‍ദിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം പോയതിനു പിന്നാലെ എത്തിയ അകമ്പടി വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ അനില്‍കുമാര്‍ ജനറല്‍ ആശുപത്രി ജംക്ഷനിലെ ട്രാഫിക് സിഗ്‌നലിനു സമീപത്തുവച്ച് അജയിനെയും തോമസിനെയും അസഭ്യം പറഞ്ഞു ലാത്തികൊണ്ട് അടിച്ചു പരുക്കേല്‍പിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
പിന്നാലെയുള്ള അകമ്പടി വാഹനത്തിലെത്തിയ സന്ദീപും പുറത്തിറങ്ങി പരാതിക്കാരെ ലാത്തികൊണ്ട് അടിച്ചു പരുക്കേല്‍പിച്ചു. അജയിനും തോമസിനും തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതര പരുക്കുകളുണ്ടായെന്നും എഫ്‌ഐആറിലുണ്ട്. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.