പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്.
കേരളത്തിൽ പല ഇനത്തിൽപ്പെട്ട ചക്ക സുലഭമാണെങ്കിലും നാം ഇതുവരെ അതിനെ പൂർണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ ചക്ക അച്ചാർ, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം എന്നിങ്ങനെ പുതിയ രുചിക്കൂട്ടുകൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം. ഈ കാരണങ്ങൾ കൊണ്ടാണ് ചക്കയെ ഒരു ഇന്റലിജന്റ് ഫ്രൂട്ട് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ വിളിക്കുന്നത്.
തൊടികളിലും പറമ്പുകളിലും വീണു പക്ഷികളും പ്രാണികളും തിന്നുന്ന ചക്കയുടെ പോഷക ഗുണങ്ങൾ കൂടി അറിഞ്ഞാലോ!
ചക്കയിൽ നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ട ധാരാളം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ ആയ Vit A. Vit C, Riboflavin, Thiamin niacin, Pottassium, Calcium, Iron, zinc, magnesium മുതലായ മിനറലുകളും അടങ്ങിയ ഒരു ഫലമാണ് ചക്ക. ധാരാളം ആൻറി ഓക്സിഡൻറ് ചക്കയിൽ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമായ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നത് ചക്കയുടെ പ്രത്യേകതയാണ്.
മൂപ്പെത്താത്ത ഇടിച്ചക്ക, വിളഞ്ഞ ചക്ക, ചക്കപ്പഴം എന്നിവയെല്ലാം തന്നെ രുചിയുടെ കാര്യത്തിലും, പോഷക ഗുണങ്ങളുടെ കാര്യത്തിലും വ്യത്യസ്ത പുലർത്തുന്നു. ചക്കക്കുരുവും പ്രോട്ടീനും മിനറലുകളാലും സമൃദ്ധമാണ്.ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകൾ ആൻറിഓക്സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദയരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്തുവാനും സഹായിക്കുന്നു.
ചക്കയിലെ ഭക്ഷ്യയോഗ്യമായ നാരുകൾ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. ചക്കക്കുരുവിലെ prebiotics, ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. ഇവയെല്ലാം കുടലിന്റെ പോഷക ആഗിരണത്തെ മെച്ചപ്പെടുത്തുന്നു. ചുരുക്കത്തിൽ മനുഷ്യന് ചക്കയോളം പോന്ന മറ്റൊരു വിഭവവും ഈ ലോകത്തിൽ ഇല്ല !