IndiaNEWS

ജ്വാല അമ്മയായി; കുനോയില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍

ന്യൂഡല്‍ഹി: കുനോയില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ജ്വാല എന്ന ചീറ്റ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുനോ ദേശീയോദ്യാനത്തില്‍ ആശയെന്ന ചീറ്റയ്ക്കും മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. 1952-ല്‍ രാജ്യത്ത് വംശമറ്റ ചീറ്റകളെ 2022-ലാണ് ‘പ്രൊജക്ട് ചീറ്റ’ എന്ന ബൃഹത്ത് പദ്ധതിയിലൂടെ വീണ്ടും പുനരവതരിപ്പിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവടക്കമുള്ളവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദമറിയിച്ച് രംഗത്തെത്തി.

”കുനോയില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍ ! നമീബിയില്‍ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ്. ആശയെന്ന ചീറ്റയ്ക്കും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. വനം, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വന്യജീവി സമ്പത്ത് അഭിവൃദ്ധിപ്പെടട്ടെ” ഭൂപേന്ദര്‍ യാദവ് പുതിയ ചീറ്റകളുടെ വീഡിയോ ദൃശ്യങ്ങളടക്കമുള്ളവ ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.

Signature-ad

ഏതാനും ചില ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ വിനോദസഞ്ചാരമേഖലയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ മൂലം ചീറ്റകളില്‍ ചിലത് ചത്തൊടുങ്ങിയിരുന്നു. ഇതു പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ഏഴ് പ്രായപൂര്‍ത്തിയായ ചീറ്റകളും മൂന്ന് ചീറ്റ കുഞ്ഞുങ്ങളുമാണ് ഇതുവരെ ചത്തത്. രണ്ടുബാച്ചുകളിലായി 20 ചീറ്റകളാണ് രാജ്യത്തെത്തിയത്. 2022-ല്‍ എട്ടുചീറ്റകളടങ്ങുന്ന ആദ്യ ബാച്ചെത്തി. 12 ചീറ്റകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ ബാച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഫെബ്രുവരി 2023-ലാണെത്തുന്നത്.

 

Back to top button
error: