CrimeNEWS

കരിന്തളം കേസില്‍ വിദ്യ മാത്രം പ്രതി; വ്യാജരേഖ ഉണ്ടാക്കാന്‍ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് കുറ്റപത്രം

കാസര്‍കോട്: ഗസ്റ്റ് അധ്യാപക നിയമനത്തിന് കരിന്തളം ഗവ. കോളേജില്‍ വ്യാജരേഖ സമര്‍പ്പിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. വിദ്യ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ പിന്നീട് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചുവെന്ന് വിദ്യ മൊഴിനല്‍കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പോലീസിന്റെ കുറ്റപത്രം. സീനിയറായിരുന്ന കെ. രജിതയും കരിന്തളം കോളേജില്‍ വിദ്യയ്ക്കൊപ്പം അഭിമുഖത്തിനെത്തിയിരുന്നു. നിയമനത്തില്‍ ഇവരെ മറികടക്കുന്നതിനായാണ് വ്യാജരേഖ ചമച്ചത്.

Signature-ad

നേരത്തെ ഉദുമ സര്‍ക്കാര്‍ കോളേജില്‍ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ കെ. വിദ്യയെ മറികടന്ന് രജിത നിയമനം നേടിയിരുന്നു. ഇതേത്തടുര്‍ന്നാണ് കരിന്തളം കോളേജില്‍ ജോലിനേടാനായി വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്.

കേസില്‍ അറസ്റ്റ് ചെയ്ത വിദ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് അധ്യാപക നിയമനം നേടിയ വിദ്യ ഒരു വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തിരുന്നു. 2,78,250 രൂപ വിദ്യ ജോലിയിലൂടെ സമ്പാദിച്ചുവെന്ന് പോലീസ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Back to top button
error: