KeralaNEWS

ലക്ഷങ്ങളുടെ തട്ടിപ്പ്; ഡോക്ടറും അമ്മയും റിമാൻഡിൽ

മൂവാറ്റുപുഴ: യുകെയിലെ യുവ മലയാളി ഡോക്ടറും അമ്മയും ചേർന്ന് നടത്തിയ തട്ടിപ്പില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.

മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദ്രോണി ആയുര്‍വേദ’ എന്ന സ്ഥാപനത്തില്‍നിന്ന്, പണം തട്ടിയകേസിലാണ് ജീവനക്കാരിയായ കോതമംഗലം തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ എസ്. പിള്ള (52), മകള്‍ ഡോ. ലക്ഷ്മി നായര്‍ (25) എന്നിവരെ പോലീസ് പിടികൂടിയത്

മൂവാറ്റുപുഴയില്‍ ആയുര്‍വേദ ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ദ്രോണി ആയുര്‍വേദാസില്‍ ഡോ. ലക്ഷ്മി നായരും അവിടുത്തെ ജീവനക്കാരിയുമായിരുന്ന അമ്മ രാജശ്രീയും ചേര്‍ന്ന് നടത്തിയത് ഒന്നരക്കോടിയോളം രൂപയുടെ  തട്ടിപ്പായിരുന്നു. യുകെയില്‍ ഡോക്ടറായിരുന്ന മകളെ പഠിപ്പിച്ചത് തട്ടിപ്പ് നടത്തി ലഭിച്ച പണമുപയോഗിച്ചെന്നു പ്രതി രാജശ്രി സമ്മതിച്ചിട്ടുണ്ട്.

രാജശ്രീ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍, ബിസിനസ് വര്‍ധിച്ചിട്ടും അക്കൗണ്ടില്‍ പണം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമ ജീവനക്കാരെ നിരീക്ഷിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തതോടെയാണ് തട്ടിപ്പിന്റെ പൊരുള്‍ വെളിച്ചത്തു വരുന്നത്. പലതവണകളായി കമ്ബനിയുടെ അക്കൗണ്ടില്‍നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്കും മകളുടെ അക്കൗണ്ടിലേക്കും രാജശ്രീ പണം മാറ്റുകയായിരുന്നു എന്ന് കമ്ബനി കണ്ടെത്തി.

തുടര്‍ന്ന് ഇതുസംബന്ധിച്ച പരമാവധി തെളിവുകളും വിവരങ്ങളും ശേഖരിച്ചശേഷം കമ്ബനി അധികൃതർ പോലീസിന് പരാതി നല്‍കുകയായിരുന്നു. മൂന്നുവര്‍ഷത്തിനിടെ പലതവണകളായാണ് ഇവര്‍ പണം തട്ടിയെടുത്തതെന്നും പരാതിയിൽ പറയുന്നു.

മാത്രമല്ല, കമ്ബനിയില്‍നിന്ന് ചില ആയുര്‍വേദ ഉപകരണങ്ങള്‍ മോഷ്ടിച്ച്‌ വില്‍പ്പന നടത്തിയതായും പരാതിയുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍, കമ്ബനിയുടെ പണം രാജശ്രീയുടെ മകള്‍ ഡോ.ലക്ഷ്മി നായരുടെ അക്കൗണ്ടിലേക്കും പോയിരുന്നതായി കണ്ടെത്തി. ലക്ഷ്മി നായര്‍ റഷ്യയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന കാലയളവില്‍തന്നെ ഇത്തരത്തില്‍ പലതവണ പണം മാറ്റിയിട്ടുണ്ട്. മകളുടെ ഒരു അക്കൗണ്ടിലേക്ക് 45 ലക്ഷത്തോളം രൂപയാണ് രാജശ്രീ മാറ്റിയത്. മകളുടെ പേരിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് 16 ലക്ഷം രൂപയും കൈമാറി.

റഷ്യയില്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയ ലക്ഷ്മി നായര്‍ മാസങ്ങള്‍ക്ക് മുന്‍പാണ് യു.കെ.യില്‍ ജോലിക്കായി പോയത്.കേസില്‍ നിലവിലെ രണ്ടു പ്രതികളും കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മൂവാറ്റുപുഴ എസ്.എച്ച്‌.ഒ. പ്രതികരിച്ചു. ഇരുവരെയും ഇനി കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്നും എസ്.എച്ച്‌.ഒ. പറഞ്ഞു.

Back to top button
error: