SportsTRENDING

കൈ വിട്ട കളി; കേരളത്തിന് ഇന്ന് വേണ്ടത് 84 ഓവറില്‍ 303 റണ്‍സ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചിരവൈരികളായ  മുംബൈക്കെതിരേ കേരളത്തിനു ജയിക്കാൻ അവസാനദിനമായ ഇന്ന് വേണ്ടത് 84 ഓവറില്‍ 303 റണ്‍സ്.
മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ 319 റൺസിന് പുറത്തായ മുംബൈ, കേരളത്തിന് മുമ്പിൽവെച്ചത് 327 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളം മൂന്നാം ദിനം കളിനിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസെന്ന നിലയിലാണ്. രോഹൻ കുന്നുമ്മലും (12*), ജലജ് സക്സേനയുമാണ് (12*) ക്രീസിൽ. 10 വിക്കറ്റ് ശേഷിക്കേ അവസാന ദിനം കേരളത്തിന് ജയിക്കാൻ 303 റൺസ് കൂടി വേണം.
84 ഓവറില്‍ 303 റണ്‍സ് അടിച്ചെടുക്കാൻ സാധിച്ചാല്‍ സഞ്ജു സാംസണിനും സംഘത്തിനും വമ്പൻ നേട്ടമാകും. സഞ്ജു സാംസണ്‍, രോഹൻ പ്രേം, കൃഷ്ണ പ്രസാദ്, സച്ചിൻ ബേബി, വിഷ്ണു വിനോദ് എന്നിങ്ങനെ നീണ്ട ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്.
നേരത്തേ ഒന്നാം ഇന്നിങ്സിൽ മുംബൈയെ 251 റൺസിന് പുറത്താക്കിയ കേരളം, മികച്ച തുടക്കത്തിന് ശേഷം അവിശ്വസനീയമായി തകർന്ന് ലീഡ് വഴങ്ങുകയായിരുന്നു. മികച്ച തുടക്കം കിട്ടിയെങ്കിലും 11 റൺസിനിടെ അവസാന അഞ്ചുവിക്കറ്റുകൾ കേരളം നഷ്ടപ്പെടുത്തി. ശനിയാഴ്ച രാവിലെ ബാറ്റിങ് തുടങ്ങിയ കേരളം നാലുവിക്കറ്റിന് 221 റൺസിലെത്തിയിരുന്നു. ലീഡ് നേടുമെന്ന് ഉറപ്പിച്ചിരിക്കെ, 22 റൺസിനിടെ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി, 11 റൺസ് ചേർക്കുന്നതിനിടെയാണ് അവസാന അഞ്ചുബാറ്റർമാർ മടങ്ങിയത്.

Back to top button
error: