NEWS

തെളിവുകൾ ഉണ്മൂലനം ചെയ്യാൻ ഓരോ കുറ്റവാളിയും ശ്രമിക്കും, പക്ഷേ അറിഞ്ഞോ അറിയാതെയോ ഒരു തെളിവെങ്കിലും അവശേഷിക്കുമെന്ന കാര്യം വിസ്മരിക്കരുത്

വെളിച്ചം

കൊട്ടാരത്തില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ചയാളെ കണ്ടെത്താന്‍ രാജാവ്, ബീര്‍ബലിന്റെ സഹായം തേടി. സേവകരെയെല്ലാം ചോദ്യം ചെയ്‌തെങ്കിലും എല്ലാവരും കുറ്റം നിഷേധിച്ചു. തുടർന്ന് ബീര്‍ബല്‍ എല്ലാവര്‍ക്കും തുല്യനീളമുള്ള ഒരു കമ്പ് നല്‍കിയശേഷം പറഞ്ഞു:

“ഇതു കള്ളം തെളിയിക്കാൻ ഉപയോഗിക്കുന്ന വടിയാണ്. മോഷ്ടിച്ചയാളുടെ കമ്പിന് നാളെ രണ്ടിഞ്ചു നീളം കൂടും. നാളെ ഇതേ സമയത്ത് എല്ലാവരും ഈ വടിയുമായി എത്തുക.”

പിറ്റേന്ന് എല്ലാവരും എത്തി. കമ്പിന്റെ നീളം നോക്കിയപ്പോള്‍ ഒരാളുടെ മാത്രം കമ്പിന് രണ്ടിഞ്ചു നീളം കുറവായിരുന്നു. ബീര്‍ബല്‍ പറഞ്ഞു:

“ഇയാളാണ് മോഷ്ടാവ്..”

ഇതെങ്ങിനെ തിരിച്ചറിഞ്ഞുവെന്ന് രാജാവ് ചോദിച്ചപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു:
“വടിയുടെ നീളം കൂടുമെന്ന് പേടിച്ച് ഇയാള്‍ ഇന്നലെ തന്നെ രണ്ടിഞ്ച് നീളം മുറിച്ചുകളഞ്ഞു…!”

തെറ്റ് ചെയ്യുന്നതിനേക്കാള്‍ ശ്രമകരമാണ് അത് ഒളിപ്പിക്കൂന്നത്. ഏത് കര്‍മ്മത്തിലും അറിഞ്ഞോ അറിയാതെയോ ഒരു തെളിവ് അവശേഷിക്കും. മറ്റുളളവര്‍ സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളെ ഭയപ്പെടുന്നതിനേക്കാള്‍ അവനവന്റെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ എല്ലാ പ്രവൃത്തികളിലും ശരിയുടെ നാമ്പുകള്‍ ഉണ്ടായിരിക്കും.

ഓരോ കുറ്റവാളിയും ശ്രമിക്കുന്നത് ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ എങ്ങനെ കൃത്യം നിര്‍വ്വഹിക്കാം എന്നാണ്. എന്നാല്‍ അതേ താല്‍പര്യവും ക്രിയാത്മകതയും നന്മ ചെയ്യുന്ന കാര്യത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ എത്രമാത്രം സാമൂഹ്യപ്രസക്തമായേനെ ഓരോ ജീവിതവും. നമ്മുടെ സ്വസ്ഥതനശിപ്പിക്കുന്നതോ ഭയപ്പടുത്തുന്നതോ ആയ തെറ്റില്‍ നിന്നും നമുക്ക് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കാം.

സന്തോഷ പൂർണമായ
ഞായറാഴ്ച ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം-  നിപുകുമാർ

Back to top button
error: