KeralaNEWS

മറന്നുവച്ച കണ്ണട എടുക്കാന്‍ ട്രെയിനില്‍ തിരിച്ചുകയറി ഇറങ്ങവേ വീണു; കോട്ടയത്ത് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോട്ടയം: മറന്നു വച്ച കണ്ണടയെടുക്കാന്‍ തിരിച്ചു കയറിയ ശേഷം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍നിന്നു വീണു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ദീപക് ജോര്‍ജ് വര്‍ക്കിയാണു (25) മരിച്ചത്. രാവിലെ ആറോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.

പുനെ-കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. പുനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ ദീപക് കോഴ്‌സ് പൂര്‍ത്തിയാക്കി തിരികെയെത്തുമ്പോഴായിരുന്നു സംഭവം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ദീപക് മറന്നുവച്ച കണ്ണട ട്രെയിനില്‍നിന്ന് എടുക്കാനായി വീണ്ടും കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറയുന്നു.

Signature-ad

കണ്ണട എടുത്ത ശേഷം തിരികെ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഇറങ്ങാന്‍ ശ്രമിച്ചപ്പോഴേക്കും ട്രെയിന്‍ പ്ലാറ്റ്‌ഫോം പിന്നിട്ടു. താഴേക്കു ചാടാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനിന്റെ അടിയില്‍ പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഇടശേരിക്കുന്നേല്‍ വണ്‍ ഗ്രാം ഗോള്‍ഡ് ജ്വല്ലറി ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ ജോര്‍ജ് വര്‍ക്കിയാണു പിതാവ്. മാതാവ് സോളി.

Back to top button
error: