തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ മോഷണ കേസുകളില്‍ പ്രതിയായ മഹാരാഷ്ട്ര സ്വദേശിയെ കരമന പൊലീസ് പിടികൂടി. മഹാരാഷ്ട്ര ജസ്വന്ത് നഗര്‍ സ്വദേശി അമോല്‍ ബാലാസാഹിബ് ഷിന്‍ഡെ(32)യാണ് അറസ്റ്റിലായത്. മാല പൊട്ടിക്കല്‍ കേസിലാണ് തിരുവനന്തപുരത്ത് അമോലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം നടത്തിയപ്പോഴാണ് വമ്പന്‍ ക്രിമിനലാണ് കുടങ്ങിയതെന്ന് കരമന പൊലീസ് മനസിലാക്കുന്നത്. തലസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിന് സമീപത്തു നിന്നും ഒരു ബൈക്ക് മോഷണം പോയിരുന്നു. ഈ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഈ ബൈക്കുപയോഗിച്ച് കരമനയില്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നും ഒരാള്‍ ആറുപവന്റെ മാലപൊട്ടിച്ചെടുത്തത്.
സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബൈക്കും മാലയും മോഷ്ടിച്ചത് ഒരാള്‍ തന്നെയാണ് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കിലെത്തിയത് തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന അമോല്‍ ആണെന്ന് കണ്ടെത്തി. ലോഡ്ജില്‍ കൊടുത്തിരുന്ന ഒരു മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച അന്വേഷിച്ചപ്പോള്‍ പ്രതി പെരുമ്പാവൂരിലുണ്ടെന്ന് കണ്ടെത്തി. പെരുമ്പാവൂര്‍ പൊലീസിന്റെ സഹായത്തോടെ അമോലിനെ പിടികൂടിയ കരമന പൊലിസ് റിമാന്‍ഡ് ചെയ്തു. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ തേടിയപ്പോഴാണ് വലയിലായത് ചെറിയ മീനല്ലെന്ന് മനസിലായത്.
രണ്ട് വര്‍ഷം മുമ്പ് മോഷണത്തിനായി മാത്രമായി എറണാകുളത്ത് എത്തിയതാണ് അമോല്‍. കാലടി സ്റ്റേഷന്‍ പരിധിയില്‍ ഒരു മോഷണക്കേസില്‍ പിടിക്കപ്പെട്ട 15 മാസം ജയിലില്‍ കിടന്നു. ഇതിനിടെ ഡ്രാക്കുള സുരേഷെന്ന മറ്റൊരു മോഷ്ടാവിനെയും പരിചയപ്പെട്ടു. ജയിലില്‍ നിന്നുമിറങ്ങി അമോല്‍ സുരേഷിന്റെ നാടായ തിരുവനന്തപുരത്ത് മോഷണത്തനെത്തി. പിന്നാലെ ആറ് പവന്‍ വരുന്ന മാല പാെട്ടിച്ചു. മോഷ്ടിച്ച സ്വര്‍ണം പ്രതി ജയിലില്‍ നിന്നും പരിചയപ്പെട്ട ഡ്രാക്കുള സുരേഷിനാണ് വില്‍ക്കാന്‍ കൈമാറിയത്.
അമോലിനെതിരെ തെലുങ്കാനയില്‍ നാലും, മഹാരാഷ്ട്രയില്‍ ഒന്നും കര്‍ണാടക- തമിഴ്‌നാട്ടിലുമായി ഒരു കേസുമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ മോഷണ ശ്രമത്തിനിടെ ആക്രണത്തിനിരയായ ഒരാള്‍ ഗുരുതരായവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്. പിടിയിലായത് വന്‍ തട്ടിപ്പുകാരെന്ന് മനസിലായതോടെ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.