കാസർകോട്: തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ.ഇതോടെ 603 കിലോമീറ്റർ നീളത്തിൽ സിഗ്നലുകളില്ലാത്ത റോഡായി ഇതു മാറും.
റോഡ് മറികടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും നിർമിക്കും. നാനൂറിലധികം അടിപ്പാതകളാണ് നിർമിക്കുന്നത്. പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നത് അടിപ്പാതകൾ വഴിയാകും. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടിപ്പാത നിർമാണം. കാൽനടക്കാർക്ക് മറുവശത്തെത്താൻ നടപ്പാതകളുമുണ്ടാകും.
12 ടോൾബൂത്തുകളാണ് ദേശീയപാത 66-ൽ വരുന്നത്. സർവീസ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് വാഹനങ്ങൾക്ക് കയറാനും തിരിച്ചിറങ്ങാനുമുള്ള സ്റ്റോറേജ് ലൈനുകൾ ഉണ്ടാകില്ല.പുതിയപാതയിൽ സർവീസ് റോഡ് വഴി മാത്രമേ പ്രധാന റോഡിലേക്ക് കടക്കാൻകഴിയൂ. ഇടയ്ക്കൊന്നും റോഡ് മുറിച്ചുകടക്കാനുള്ള വഴിയുണ്ടാകില്ല.
നിർമാണം പൂർണമായും പൂർത്തിയാകുന്നതോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഏഴുമണിക്കൂറിൽ എത്താം.പരമാവധി വേഗത 100-120 കിമിയാണ്.