തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎമ്മിന്റെ പ്രതിരോധ വാദങ്ങളെല്ലാം പൊളിച്ചടുക്കുന്ന മുഖ്യതെളിവുകളുടെ കൂട്ടത്തില്‍ പാര്‍ട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും മൊഴികള്‍. കരുവന്നൂര്‍ ബാങ്കില്‍ പാര്‍ട്ടിക്കു രഹസ്യ അക്കൗണ്ടുകളില്ലെന്നു വാദിച്ചുകൊണ്ടിരുന്ന ജില്ലാ കമ്മിറ്റിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം എം.ബി. രാജുവിന്റെയും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ആര്‍. പീതാംബരന്റെയും മൊഴികള്‍. പാര്‍ട്ടിക്കു കരുവന്നൂര്‍ ബാങ്കില്‍ ഒന്നിലേറെ അക്കൗണ്ടുകളുണ്ടായിരുന്നതായി പീതാംബരന്‍ മൊഴി നല്‍കിയതായി ഹൈക്കോടതിയില്‍ ഇ.ഡി സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബാങ്കില്‍ അംഗത്വമില്ലാതെയാണു പാര്‍ട്ടി അക്കൗണ്ട് തുറന്നതെന്നു രാജുവിന്റെ മൊഴിയിലുമുണ്ട്.
സെക്രട്ടറിയായിരിക്കെ തന്റെ പേരില്‍ ബാങ്കില്‍ പാര്‍ട്ടി അക്കൗണ്ട് തുറന്നിരുന്നു എന്നാണു പീതാംബരന്റെ മൊഴി. 2011 ല്‍ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിനു ഭൂമി വാങ്ങാനും കെട്ടിടം പണിയാനും മറ്റൊരു അക്കൗണ്ട് തുറന്നു. അനര്‍ഹര്‍ക്കു ബാങ്കില്‍ നിന്നനുവദിച്ച വായ്പകളുടെ കമ്മിഷന്‍ പാര്‍ട്ടി ഈ അക്കൗണ്ട് വഴിയാണു വാങ്ങിയിരുന്നത്.
അംഗത്വം ഇല്ലാത്ത പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിരുന്നെന്നു രാജുവിന്റെ മൊഴിയിലുമുണ്ട്. പാര്‍ട്ടി അംഗത്വ ഫീസ്, ജനപ്രതിനിധികളില്‍ നിന്നു പിരിക്കുന്ന ലെവി എന്നിവ ഈ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. രമേഷ് പുഴക്കല്‍, ജേക്കബ് ചാക്കേരി എന്നിവര്‍ക്കു വേണ്ടി ക്രമവിരുദ്ധമായി ഒന്നരക്കോടി രൂപ വായ്പ അനുവദിക്കാന്‍ ബാങ്ക് വിസമ്മതിച്ചെങ്കിലും സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം ആര്‍.എല്‍. ശ്രീലാല്‍ ഇടപെട്ടു പാസാക്കിച്ചെന്നും ഇ.ഡി സത്യവാങ്മൂലത്തില്‍ പറയുന്നു.
സിപിഎം ജില്ലാ സെക്രട്ടറി സമര്‍പ്പിച്ച ഓഡിറ്റ് കണക്കുകള്‍ പ്രകാരം പാര്‍ട്ടിക്കു ജില്ലയില്‍ 4 അക്കൗണ്ടുകളും 4 സ്ഥിരനിക്ഷേപങ്ങളും മാത്രമേയുള്ളൂ. എന്നാല്‍, ഇ.ഡിയുടെ കണ്ടെത്തലനുസരിച്ച് 17 ഏരിയ കമ്മിറ്റികള്‍ക്കു കീഴിലെ 25 ബാങ്ക് അക്കൗണ്ടുകളിലായി കണക്കില്ലാത്ത 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഈ അക്കൗണ്ടുകളില്‍ 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ട്. ഈ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 100 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നാണു കണ്ടെത്തല്‍.