IndiaNEWS

പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ലേപാക്ഷി സന്ദര്‍ശിച്ച് മോദി; പക്ഷിരാജന്‍ ജഡായു മോക്ഷം പ്രാപിച്ച പുണ്യഭൂമി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമായണവുമായി ബന്ധമുള്ള ക്ഷേത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തുടരുന്നു. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് ലേപാക്ഷിയില്‍ സ്ഥിതി ചെയ്യുന്ന വീരഭദ്ര ക്ഷേത്രം പ്രധാനമന്ത്രി ചൊവ്വാഴ്ച സന്ദര്‍ശിച്ചു.

സീതാദേവിയുടെ അപഹരണാവേളയില്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും രാവണന്റെ ആക്രമണത്തില്‍ പരിക്കേറ്റ പക്ഷിരാജന്‍
ജടായു മോക്ഷം പ്രാപിച്ച സ്ഥലമാണ് ലേപാക്ഷി എന്നാണ് രാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സീതാപഹരണത്തെക്കുറിച്ച് നിര്‍ണായകവിവരം നല്‍കിയ ജടായുവിന് രാമനാണ് മോക്ഷം നല്‍കിയതെന്നാണ് ഐതിഹ്യം. അക്കാരണത്താല്‍ ലേപാക്ഷിയ്ക്ക് രാമായണവുമായി സുപ്രധാന ബന്ധമാണുള്ളത്.

Signature-ad

ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലായി രണ്ട് ദിവസം നീളുന്ന സന്ദര്‍ശനപരിപാടിയിലാണ് പ്രധാനമന്ത്രി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി എന്നിവ ഉള്‍പ്പെടെയുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുന്നു. ബുധനാഴ്ച ഗുരുവായൂര്‍, തൃപ്രയാര്‍ ശ്രീ രാമസ്വാമി ക്ഷേത്രങ്ങളില്‍ മോദി സന്ദര്‍ശനം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജനുവരി 22-ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. മൈസൂരില്‍ നിന്നുള്ള ശില്‍പി അരുണ്‍ യോഗീരാജ് നിര്‍മിച്ച വിഗ്രഹമാണ് പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കറുത്ത ശിലയിലാണ് യോഗീരാജ് വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. ഐകണ്ഠ്യേനയാണ് യോഗീരാജിന്റെ വിഗ്രഹം തിരഞ്ഞെടുപ്പ് സമിതി തിരഞ്ഞെടുത്തതെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് തിങ്കളാഴ്ച അറിയിച്ചു.

Back to top button
error: