മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിനെ 12 പേരടങ്ങുന്ന സംഘം ബാറ്റുകളും സ്റ്റമ്പുകളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗോണ്‍ ജില്ലയിലാണ് സംഭവം.
ചാലിസ്ഗാവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മുംബൈ പൊലീസിലെ ശുഭം അഗോണ്‍ (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മൂന്നു പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കി. ഞായറാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.സംഭവം നടക്കുമ്പോള്‍ ശുഭം സ്വദേശത്തായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചാലിസ്ഗാവില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ടീമില്‍ ശുഭം ഉണ്ടായിരുന്നു.
മത്സരത്തിന് തൊട്ടുപിന്നാലെ ശുഭം തന്റെ എതിരാളികളായ ടീമംഗങ്ങളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് രംഗം വഷളാവുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. വൈകിട്ട് എതിരാളികളായ ടീമംഗങ്ങള്‍ ശുഭമിനെയും കര്‍ഷകനും ശുഭമിന്റെ സുഹൃത്തുമായ ആനന്ദിനെയും ഘരാവോ ചെയ്യുകയും ക്രിക്കറ്റ് ബാറ്റുകളും സ്റ്റമ്പുകളും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ശുഭം ഉടന്‍ തന്നെ മരിച്ചു. ആനന്ദിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളാണ് പൊലീസില്‍ പരാതി നല്‍കിയത്.