NEWSWorld

ഹൂതികൾ എങ്ങനെ ലോകരാജ്യങ്ങൾക്ക് ഭീക്ഷണിയാകുന്നു ?

സൻഅ: ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് യെമൻ. 2014-ല്‍ ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ തലസ്ഥാനമായ സൻഅ പിടിച്ചെടുക്കാൻ പദ്ധതികള്‍ ആരംഭിച്ചതോടെ രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലുമാണ്.

ആഭ്യന്തരയുദ്ധം കാരണം രാജ്യത്ത് വൻ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതിനിടയിലായിരുന്നു സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂതികൾക്കെതിരെയുള്ള ദീര്‍ഘകാല പോരാട്ടം.ഇത്  നാശനഷ്ടങ്ങൾ ഒന്നുകൂടി വര്‍ധിപ്പിച്ചു, ഫലത്തിൽ  ദാരിദ്ര്യവും കൂടി.

എന്നാല്‍ ഇതൊന്നും വകവെക്കാതെ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ചെങ്കടലിലൂടെ ചരക്കുകളുമായി പോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം നടത്തുകയാണ്. ഇവരുടെ ആക്രമണം ഇതുവഴിയുള്ള വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ മറ്റ് പല രാജ്യങ്ങളുടെയും സഹായത്തോടെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യം ഹൂതി വിമതരുടെ താവളങ്ങള്‍ ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്.ഇസ്രായേലിന് സഹായവുമായി എത്തിയ കപ്പലുകളെ ആക്രമിച്ചതോടെയാണിത്.എന്നാല്‍  ആക്രമണങ്ങളെ ഭയന്ന് പലസ്തീനെയും ഗാസയേയും പിന്തുണയ്ക്കുന്നത് യെമൻ അവസാനിപ്പിക്കുമെന്ന് യുഎസും ബ്രിട്ടനും കരുതുന്നത് തെറ്റാണെന്ന് ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി.

ഹൂതികളുടെ ശക്തി
 
Signature-ad

യെമൻ രണ്ട് വശങ്ങളില്‍ രണ്ട് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു, മറ്റ് രണ്ട് വശങ്ങളില്‍ അതിര്‍ത്തി കടലിനോട് ചേര്‍ന്നാണ്. വടക്കൻ അതിര്‍ത്തി സൗദി അറേബ്യയോട് ചേര്‍ന്നാണ്, കിഴക്കൻ അതിര്‍ത്തി ഒമാനുമായി ബന്ധിപ്പെട്ടിരിക്കുന്നു. തെക്ക് ഈ രാജ്യത്തിന്റെ അതിര്‍ത്തി ഏദൻ ഉള്‍ക്കടലിനോട് ചേര്‍ന്നാണ്, പടിഞ്ഞാറ് ചെങ്കടലാണ്. ചെങ്കടലില്‍ യെമന്റെ  അറ്റത്ത് മുറാദ് എന്ന് പേരുള്ള ഒരു സ്ഥലമുണ്ട്, അവിടെ നിന്ന് ചെങ്കടലിന്റെ മറുവശത്ത് ജിബൂട്ടി (Djibouti) എന്ന രാജ്യത്തിന്റെ തീരമാണ്. ചെങ്കടലിനെ ഏദൻ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍ മന്ദബ് ഉള്‍ക്കടല്‍ യെമനിനും ജിബൂട്ടിക്കും ഇടയിലാണ്.യൂറോപ്പിൽ നിന്നും മറ്റും ഏഷ്യയിലേക്കുള്ള ചരക്കുകപ്പലുകളിലധികവും സഞ്ചരിക്കുന്നത് ഇതുവഴിയാണ്.ഏറ്റവും എളുപ്പവഴിയും ഇതുതന്നെയാണ്.അല്ലെങ്കിൽ ആഫ്രിക്ക വഴി ചുറ്റിവരണം.ഇത് കാലതാമസം മാത്രമല്ല, സാമ്പത്തിക ചിലവും അധികമാക്കും.കടല്‍ വഴിയുള്ള വ്യാപാരം തടസപ്പെടുത്താനുള്ള ഹൂതി വിമതരുടെ ശക്തി യെമന്റെ ഭൂമിശാസ്ത്രപരമായ ഈ സ്ഥാനമാണ്.അവരുടെ പ്രധാന വരുമാനവും കപ്പലുകളെ കൊള്ളയടിക്കുന്നതു വഴി ഇത്തരത്തിൽ ലഭിക്കുന്നതാണ്.

2014 മുതല്‍ യെമന്റെ വലിയ ഭാഗങ്ങള്‍ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. തലസ്ഥാനമായ സൻഅ, രാജ്യത്തിന്റെ വടക്കൻ ഭാഗം, ചെങ്കടലിന്റെ തീരത്തുള്ള ഏഡൻ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യൂറോപ്പിനെ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ചെറിയ കടല്‍ പാത അറബിക്കടലിലൂടെയും ഏഡൻ ഉള്‍ക്കടലിലൂടെയും തുടര്‍ന്ന് സൂയസ് കനാല്‍ വഴി ബാബ് അല്‍-മന്ദാബിലൂടെയും കടന്നുപോകുന്നു. ഇക്കാരണത്താല്‍, ബാബ് അല്‍ മന്ദബ് ഉള്‍ക്കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കാൻ ഹൂതി വിമതർക്ക് എളുപ്പമാണ്.

 

അമേരിക്കൻ സേനയുടെ കണക്കുകള്‍ പ്രകാരം യെമനിലെ ഹൂതി വിമതര്‍ 2023 നവംബര്‍ 19 മുതല്‍ ചെങ്കടലിലൂടെയും ഏദൻ ഉള്‍ക്കടലിലൂടെയും കടന്നുപോകുന്ന വ്യാപാര കപ്പലുകള്‍ക്ക് നേരെ കുറഞ്ഞത് 26 വ്യത്യസ്ത ആക്രമണങ്ങളെങ്കിലും നടത്തിയിട്ടുണ്ട്. ഗാസയിലെ ഇസ്രായേൽ നടപടികളോടുള്ള പ്രതികരണമായാണ് ആക്രമണമെന്നും ഇസ്രായേലിലേക്കും തിരിച്ചും പോകുന്ന കപ്പലുകളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഹൂതി വിമതര്‍ പറയുമ്പോഴും കപ്പൽക്കൊള്ള വഴി ലഭിക്കുന്ന സാമ്പത്തിക ലാഭമാണ് അവരുടെ ലക്ഷ്യം.

ചെങ്കടലില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ഹൂതി വിമതര്‍ ഉപയോഗിച്ച ആയുധങ്ങളില്‍ ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ (ആളില്ലാത്ത വ്യോമ വാഹനങ്ങള്‍), ക്രൂവില്ലാത്ത ഉപരിതല കപ്പലുകള്‍ (വെള്ളത്തില്‍ നീങ്ങി ശത്രുവിനെ നേരിടുന്ന ചെറിയ ആളില്ലാ കപ്പലുകള്‍) എന്നിവ ഉള്‍പ്പെടുന്നു.ഇതിനുപുറമെ, വി ആകൃതിയിലുള്ള വാലിന് പേരുകേട്ട ദീര്‍ഘദൂര സമദ് ഡ്രോണുകളും അവര്‍ ഉപയോഗിക്കുന്നു. സൗദി അറേബ്യയുമായുള്ള പോരാട്ടത്തിലാണ് ഹൂതി വിമതര്‍ ആദ്യമായി സമദ് ഡ്രോണ്‍ ഉപയോഗിച്ചത്.ഇറാൻ നൽകിയതായിരുന്നു ഇത്.ഹൂതി വിമതര്‍ക്ക് 80 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള നിരവധി തരം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉണ്ടെന്നും അമേരിക്കയും ബ്രിട്ടനും സാക്ഷ്യപ്പെടുത്തുന്നു.

ജനുവരി നാലിന് സ്ഫോടകവസ്തുക്കള്‍ നിറച്ച കപ്പല്‍ ഹൂതികള്‍ ആദ്യമായി ഉപയോഗിച്ചതായും യുഎസ് സേന അഭിപ്രായപ്പെട്ടു. ഈ ആക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായില്ല. നേരത്തെ 2017 ജനുവരിയില്‍ ഹൂതി വിമതര്‍ സൗദി അറേബ്യയുടെ യുദ്ധക്കപ്പല്‍ അല്‍-മദീന ആക്രമിച്ചിരുന്നു. ഇതിനുശേഷം, 2020 മാര്‍ച്ചില്‍, ഏഡനിലേക്ക് പോവുകയായിരുന്ന ഒരു എണ്ണക്കപ്പലും ആക്രമിക്കപ്പെട്ടു.ഇതെല്ലാം ഇറാൻ പിന്തുണയോടെയായിരുന്നു എന്നതാണ് വാസ്തവം.

എന്നാൽ ഇസ്രായേൽ – പലസ്തീൻ  സംഘർഷത്തെ തുടർന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ചെങ്കടലിലും ഏഡൻ ഉള്‍ക്കടലിലും ഉയര്‍ന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെ സംയുക്തമായി നേരിടുക  എന്ന ഉദ്ദേശ്യത്തോടെ പ്രോസ്പിരിറ്റി ഗാര്‍ഡിയൻ എന്ന പേരില്‍ ഒരു ബഹുമുഖ പ്രവര്‍ത്തനം അമേരിക്ക ആരംഭിച്ചത്. സൗദിയും ബഹ്റൈനുമെല്ലാം ഉൾപ്പെട്ടതാണിത്.  ഈ രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ഹൂതി വിമതര്‍ക്ക് വാണിജ്യ കപ്പലുകള്‍ ആക്രമിക്കുന്നത് അവസാനിപ്പിക്കാൻ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും ആക്രമണം തുടർന്നതോടെ ജനുവരി 11ന് രാത്രി അമേരിക്കയുടെ നേതൃത്വത്തില്‍ പത്തിലധികം രാജ്യങ്ങള്‍ ഹൂതി വിമതരുടെ താവളങ്ങള്‍ ആക്രമിച്ചു.യെമനില്‍ ഹൂതി വിമതര്‍ കൈവശം വച്ചിരുന്ന 16 സ്ഥലങ്ങളിലായി 60 ലധികം താവളങ്ങള്‍ ഇങ്ങനെ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേന തകർക്കുകയും ചെയ്തു.വര്‍ഷങ്ങളോളം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളുടെ സൈന്യം ഹൂതി വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയെങ്കിലും ഈ സായുധ സംഘത്തെ സമഗ്രമായി പരാജയപ്പെടുത്താൻ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

ഇതിനിടെ സൗദിയിലേക്കുള്ള ഡെൻമാർക്കിന്റെ ചരക്കുകപ്പൽ കഴിഞ്ഞ ദിവസം ഹൂതികൾ ആക്രമിച്ചതോടെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം അമേരിക്കയും ബ്രിട്ടനും അഴിച്ചുവിടുകയായിരുന്നു.കഴിഞ്ഞ  ദിവസം മാത്രം 16 ഹൂതി കേന്ദ്രങ്ങളില്‍ 73 വ്യോമാക്രമണങ്ങളാണ് നടത്തിയത്..ഗാസയിലെ ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷം നൂറ് ദിവസം തികയുന്നതിനിടെയാണ് പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി അമേരിക്കയും ബ്രിട്ടന്റെയും തുറന്ന പോരാട്ടം.

യു.എസ്,യു.കെ വിമാനങ്ങള്‍ സംയുക്തമായാണ് ആക്രമണം നടത്തിയെന്നും 30 ഓളം ഇടങ്ങളാണ് ലക്ഷ്യം വെച്ചതെന്നും ഇതില്‍ 16 എണ്ണം വിജയകരമായിരുന്നെന്നും പെന്‍റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ തങ്ങളുടെ അഞ്ച് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹൂതി നേതാവ് മുഹമ്മദ് അല്‍ ബുഖൈതി മുന്നറിയിപ്പ് നല്‍കി. യു.എസ് – യു.കെ ആക്രമണത്തെ ഇറാനും അപലപിച്ചു.

കഴിഞ്ഞ ദിവസം ഹുദൈദ, സൻആ തുടങ്ങി പത്തിടങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ബോംബിട്ടിരുന്നിരുന്നു. ജി,. പി. എസ് നിയന്ത്രിത ടോമാഹാക്ക് ക്രൂസ് മിസൈലുകള്‍ ഉള്‍പ്പെടെ നൂറിലേറെ മാരക ആയുധങ്ങളാണ് അമേരിക്ക പ്രയോഗിച്ചത്. യെമന്റെ തലസ്ഥാനമായ സൻഅ, ടൈസ്, ഹാജ എന്നിവിടങ്ങളിലെ ഹൂതി സൈനിക കേന്ദ്രങ്ങളിലും ചെങ്കടലിലെ ഹൂതി നാവിക താവളമായ ഹൊദൈദയിലും സ്ഫോടനങ്ങളുണ്ടായി. ഹൂതികളുടെ റഡാര്‍ ശൃംഖലയും ഡ്രോണ്‍, മിസൈല്‍ സംഭരണ, വിക്ഷേപണ കേന്ദ്രങ്ങളും കമാൻഡ് ആൻഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങളും തകര്‍ത്തതായി പെന്റഗണ്‍ അവകാശപ്പെട്ടു. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ചെങ്കടലില്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ പ്രയോഗിച്ച 21 മിസൈലുകളും ഡ്രോണുകളും യു.എസും യു.കെയും വെടിവച്ചിട്ടിരുന്നു.അതിന് മുൻപ് ഹൂതികളുടെ നാലു ബോട്ടുകള്‍ തകര്‍ക്കുകയും പത്തുപേരെ വധിക്കുകയും ചെയ്തിരുന്നു.

യെമനിലെ ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിന്റെ സായുധ സംഘമാണ് ഹൂതികള്‍. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇവര്‍ 1990കളില്‍ അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ അഴിമതിക്കെതിരെയാണ് ആദ്യമായി രംഗത്ത് വരുന്നത്.സൗദി പിന്തുണയോടെ സാലിഹ് 2003ല്‍ ഹൂതികളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Back to top button
error: