കുറഞ്ഞ വേതനത്തിന് ജോലിക്ക് ആളെ ലഭിക്കുന്നു എന്നതുകൊണ്ട്, സമസ്ത മേഖലകളിലും ഇവരെ ജോലിക്കു നിയോഗിക്കുന്നതു മൂലം സംസ്ഥാനത്ത് ആഭ്യന്തര വരുമാനം കുറയുകയാണെന്ന് ബജറ്റിനു മുന്നോടിയായി തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി ധന മന്ത്രി കെ. എൻ. ബാലഗോപാല്‍ നടത്തിയ ചര്‍ച്ചയില്‍ ഐഎൻടിയുസിചൂണ്ടിക്കാട്ടി.
സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ കണക്കില്‍ കേരളത്തില്‍ 35 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഇവര്‍ ഓരോരുത്തരും പ്രതിമാസം ശരാശരി 10,000 രൂപ വീതം സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. കേരളത്തിന്റെ പൊതു വിപണയില്‍ എത്തേണ്ട പണമാണിത്. 42,000 കോടി രൂപയാണ് ഇങ്ങനെ പുറത്തേക്കൊഴുകുന്നത്.
കേരളത്തിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് മതിയായ പരിശീലനവും ബോധവല്‍ക്കരണവും നടത്തി വിവിധ തൊഴില്‍ മേഖലയിലെത്താനുള്ള അവസരം നല്കിയാല് ഇവിടെയുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ കിട്ടും. ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരു നിയന്ത്രണവുമില്ലാതെ വന്നു പോകുന്നത് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കുമെന്ന് ധനമന്ത്രിക്കു നല്കിയ സമഗ്രമായ ബജറ്റ് മാര്‍ഗരേഖയില്‍ പ്രസിഡന്റ് ആര്. ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.
1979ലെ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്സ് നിയമം കേരളത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ നിയമം നപ്പാക്കുന്നതു വഴി ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കുറയ്ക്കാൻ കഴിയുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
കേരളത്തില്‍ ഏതു മേഖലയിലെയും മിനിമം വേതനം 900 രൂപയാക്കണമെന്നാണ് മറ്റൊരു ആവശ്യം. ക്ഷേമനിധി പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാണ്. ഇത് എത്രയും വേഗം പുനസംഘടിപ്പിക്കണം. ക്ഷേമ നിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുറഞ്ഞത് 5000 രൂപ പെൻഷൻ അനുവദിക്കണം. നിര്‍മാണ മേഖലയിലെ സെസ് പിരിവ് തദ്ദേശ സ്ഥാപനങ്ങളെ തിരികെ ഏല്പിക്കണമെന്നും ഐഎൻടിയുസി ആവശ്യപ്പെട്ടു.
ഐഎൻടിയുസിയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി വി.ജെ. ജോസഫ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആര്. പ്രതാപൻ എന്നിവരും പങ്കെടുത്തു.