NEWS

ഗുരുവായൂരിൽ സുരേഷ്‌ഗോപിയുടെ മകളുടെ ഒഴികെ മറ്റ് വിവാഹങ്ങൾക്ക് വിലക്ക്, സമയത്തില്‍ മാറ്റം വരുത്തിയെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വിവാദം കത്തുന്നു

   പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തേണ്ടിവരും. പൊലീസ് ഇത് സംബന്ധിച്ച് വിവാഹ പാര്‍ട്ടിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.

രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നത്. വിവാഹങ്ങള്‍ വേണ്ടെന്നുവച്ചു എന്നത് തെറ്റായ പ്രചാരണമാണ്. കല്യാണം മാറ്റി വയ്ക്കണം എന്ന് ഒരു വിവാഹ സംഘം പോലും പറഞ്ഞിട്ടില്ല. ഒരാളോടും വിവാഹം മാറ്റിവയ്ക്കണം എന്ന് ദേവസ്വവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി 17ന് രാവിലെ 8.15ന് ക്ഷേത്രദർശനം നടത്തി 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും.

ഇതിനിടെ പ്രധാനമന്ത്രി വരുന്ന ദിവസം ഗുരുവായൂരിൽ വിവാഹങ്ങളുടെ ബുക്കിങ് കൂടിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് വിവാഹങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്. വെള്ളിയാഴ്ച എസ്.പി.ജി. കമാന്‍ഡോസ് എത്തി. നഗരത്തില്‍ രാവിലെ ആറുമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രനട വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ ക്ഷേത്ര പരിസരത്ത് സന്ദര്‍ശനം നടത്തി.

Back to top button
error: