KeralaNEWS

”വീണയ്ക്കായി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് എന്താണ് പറയാനുള്ളത്?; പി രാജീവിന് മറുപടിയുണ്ടോ?”

കോഴിക്കോട്: വീണാ വിജയനുവേണ്ടി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തില്‍ എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. കെഎസ്ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്നും ഇതില്‍ വ്യവസായ മന്ത്രി പി രാജിവിന് ഉത്തരമുണ്ടോയെന്നും ക്രമക്കേടുകള്‍ക്ക് വ്യവസായ വകുപ്പ് കൂട്ടുനിന്നതായി അനുമാനിക്കണമെന്നും മാത്യു കുഴല്‍നാടന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും വഴിവിട്ട പണം സ്വീകരിക്കുന്നതിനും ആ പണം വെളുപ്പിച്ചെടുക്കുന്നതിനും വേണ്ടിയുള്ള കടലാസ് കമ്പനിയുടെ പ്രവര്‍ത്തനം പോലെയാണ് കാണാന്‍ കഴിയുന്നതെന്നും, ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും സുതാര്യമല്ലെന്നും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പറഞ്ഞപ്പോള്‍ വീണാ വിജയനെ പ്രതിരോധിച്ചത് സിപിഎം സെക്രട്ടേറിയറ്റ് ആണ്. ഇതില്‍ തെറ്റായിട്ട് ഒന്നുമില്ലെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ വിശദീകരണം. കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തില്‍ സിപിഎം നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്ന് മാത്യ കുഴല്‍നാടന്‍ പറഞ്ഞു.

Signature-ad

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിയമനടപടിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇക്കാര്യത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു. വീണാ വിജയന്റെ കമ്പനിക്കെതിരെ വന്ന അന്വേഷണത്തില്‍ ഇതുതന്നെയാണോ മന്ത്രിയുടെ നിലപാട് എന്നറിയാന്‍ താത്പര്യമുണ്ടെന്നും മാത്യു പറഞ്ഞു.

സിഎംആര്‍എല്ലിനും എക്സാലോജിക്കിനും പുറമെ കെഎസ്ഐഡിസിയോട് കേന്ദ്രം നിലപാട് ചോദിച്ചിട്ടുണ്ട്. മൂന്നുപേര്‍ക്കും നോട്ടീസ് നല്‍കിയിട്ട് വ്യക്തമായ മറുപടി നല്‍കാത്ത സാഹചര്യത്തിലാവും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിട്ട് എന്ത് മറുപടിയാണ് നല്‍കിയതെന്ന് വീണാ വിജയനും എക്സാലോജിക്കും പൊതുസമൂഹത്തോട് മറുപടി പറയണമെന്നില്ല. എന്നാല്‍ കെഎസ്ഐഡിസി ഇക്കാര്യത്തില്‍ എന്താണ് അറിയിച്ചതെന്ന് മന്ത്രി പി രാജീവ് തുറന്നുപറയണം. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വിവരം മറച്ചുവെച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട പണം സിഎംആര്‍എല്‍ തട്ടിയെടുത്തില്‍ പി രാജീവ് മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അന്വേഷണത്തെ അമിത ആവേശത്തോടെ കാണുന്നില്ല. സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ സത്യസന്ധമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഇപ്പോഴത്തെ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആത്യന്തികമായി കോടതിയിലാണ് വിശ്വസിക്കുന്നതെന്നും മാത്യ കുഴല്‍നാടന്‍ പറഞ്ഞു.

കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കരനാരായണന്‍, പോണ്ടിച്ചേരി ആര്‍ഒസി, എ ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. എക്സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

 

Back to top button
error: