ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ കാണാൻ പോയ വേളയിലാണ് ചില്ലറ പൗണ്ടു മുടക്കിയാൽ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ലണ്ടൻ ട്രാൻസ്പോർട്ട് ബോർഡിന്റെ ബസുകൾ അവിടെ കാണാനിടയായത്. ഇത്തരം ബസുകൾ തിരുവിതാകൂറിലെ സ്വന്തം പ്രജകൾക്കും സമ്മാനിച്ചാലോ എന്നു ചിത്തിരതിരുനാൾ ആഗ്രഹിച്ചുപോയി. റോഡുകൾ കുറവായ നാട്ടുരാജ്യത്ത് എങ്ങനെ ബസോടിക്കും എന്നതൊന്നും ചിന്തിക്കാതെയും മനസു മടിക്കാതെയും ലണ്ടൻ ബസുകളെപ്പറ്റി കൂടുതൽ അറിയാൻ ചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡ് ഓഫീസിൽ ചെന്നു.
ഇംഗ്ളണ്ടിൽ നിന്ന് ബസ് എൻജിനുകൾ മാത്രമല്ല തിരുവിതാംകൂറിലെ ഗട്ടർ റോഡിനു പറ്റിയ ബോഡി നിർമിക്കാൻ പറ്റിയ എൻജിനിയറെയും തരാം എന്ന സായിപ്പിന്റെ ഉറപ്പിലാണ് മഹാരാജാവ് അനന്തപുരിയിൽ മടങ്ങിയെത്തിയത്. യാത്രയിൽ കിട്ടിയ ഉറപ്പനുസരിച്ച് ലണ്ടൻ ട്രാൻസ്പോർട്ട് കന്പനിയിൽ ഓപ്പറേറ്റിംഗ് സൂപ്രണ്ടായിരുന്ന സി.ജി. സാൾട്ടർ എന്ന മെക്കാനിക്കൽ എൻജിനിയറെ തിരുവിതാംകൂറിൽ ബസിറക്കാൻ വിട്ടുകിട്ടി. അതനുസരിച്ച് 1937 സെപ്റ്റംബർ 20ന് തിരുവനന്തപുരത്തെത്തി യ മെക്കാനിക്കൽ എൻജിനിയർ സാൾട്ടർ സായിപ്പിനെ തിരുവിതാംകൂർ ട്രാൻസ്പോർട്ട് സൂപ്രണ്ടായി ചിത്തിരതിരുനാൾ മഹാരാജാവ് നിയമിച്ചു.
ഒരു മാസത്തിനുള്ളൽ സാൾട്ടർ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും പെർക്കിൻസ് ഡീസൽ എൻജിൻ ഘടിപ്പിച്ച 60 കോമറ്റ് ഷാസികൾ തിരുവനന്തപുരത്ത് കപ്പലിലെത്തിച്ചു. സാൾട്ടർ എൻജിനു മുകളിൽ ഇവിടത്തെ റോഡിനു പറ്റിയ കമ്പിക്കൂടുകൾ തീർത്ത് പിറ്റേ മാസം ഒരു ബസിറക്കി പരീക്ഷണം നടത്തി. സംഗതി വിജയമായതോടെ സാൾട്ടറും അദ്ദേഹം ഒപ്പം കൂട്ടിയ തദ്ദേശീയ മെക്കാനിക്കുകളും ചേർന്ന് ആഞ്ഞിലി ഉരുപ്പടികൾകൊണ്ട് ഷാസിക്കു മുകളിൽ ബോഡി കെട്ടി. തകിടും ബോൾട്ടുകളും ബോംബെയിൽ നിന്നും ചില്ലുകൾ ഇംഗ്ലണ്ടിൽ നിന്നും എത്തിക്കുകയായിരുന്നു. തീരുന്നില്ല കടമ്പ ,ബസോടിക്കാൻ പ്രാപ്തിയുള്ള ആളെ വേണമല്ലോ. ഹെവി വാഹനം ഓടിക്കാനറിയാവുന്നവർ അക്കാലത്ത് വിരളം. ഇതിനും സാൾട്ടർ പരിഹാരം കണ്ടെത്തി.
തിരുവനന്തപുരം കന്യാകുമാരി റോഡിൽ കാറുകൾ ഓടിച്ചിരുന്നവരെ വിളിച്ചുവരുത്തി പരിശീലനം നൽകി ഹെവി ഡ്രൈവർമാരായി പരിശീലിപ്പിച്ചു. അങ്ങനെ ബസുകൾ പണിത് 1938 ഫെബ്രുവരി 20 ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ സ്റ്റേറ്റ് മോട്ടോർ സർവീസ് ഉദ്ഘാടനം ചെയ്തു. ഈ സർവീസാണ് ഇന്നത്തെ കെഎസ്ആർടിസി ആനവണ്ടികളായി രൂപം മാറിവന്നത്.
കെഎസ്ആർടിസിയുടെ പിറവി
1950ലെ റോഡ് ട്രാൻസ്പോർട് ആക്ടിലെ വകുപ്പ് 44 പ്രകാരം 1965ൽ സംസ്ഥാന സർക്കാർ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചട്ടങ്ങൾ ആവിഷ്കരിക്കുകയും 1965 ഏപ്രിൽ ഒന്നിന് സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പ് സ്വയംഭരണ ശേഷിയുള്ള ഒരു കോർപറേഷനായി മാറുകയും ചെയ്തു. അതാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ കെഎസ്ആർടിസി. ചുവപ്പു നിറവും ആനമുദ്രയും അന്നു മുതൽ ഈ ബസുകൾക്കു സ്വന്തം.
ഇന്നു കെഎസ്ആർടിസിക്ക് 6304 ബസുകളും 6399 ഷെഡ്യൂളുകളുമുണ്ട്. സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, ഡീലക്സ്, സിൽവർലൈൻ ജെറ്റ്, ശബരി എയർബസ് ഉൾപ്പടെ സൂപ്പർ ക്ലാസ് ബസുകളും ഓടുന്നുണ്ട്. വോൾവോ, സ്കാനിയ വിഭാഗത്തിൽ ആഡംബര ഷെഡ്യൂളുകളും കെഎസ്ആർടിസിക്ക് ഉണ്ട്. ഇതുകൂടാതെ കേന്ദ്രസർക്കാരിന്റെ നഗരവികസനപദ്ധതിയുടെ ഭാഗമായുള്ള ലോഫ്ലോർ ബസുകൾ വേറെയും.
പ്രതിദിനം 16.8 ലക്ഷം കിലോമീറ്ററാണ് കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നത്. സാൾട്ടർ സായിപ്പ് തിരുവനന്തപുരം ട്രാൻസ്പോർട്ട് സെൻട്രൽ വർക്സിലാണ് ബസുകൾ ബോഡി ചെയ്തു തുടങ്ങിയത്. നിലവിൽ എടപ്പാൾ, കളമശ്ശേരി, മാവേലിക്കര,കോഴിക്കോട്, പാപ്പനംകോട് സെന്ററൽ വർക്ക്ഷോപ്പുകളിലാണ് ബോഡി നിർമാണം നടന്നു വന്നിരുന്നത്.നിരവധി തവണ രാജ്യത്തെ ഏറ്റവും നല്ല ബോഡി നിർമ്മാണ യൂണിറ്റിനുള്ള അവർഡ് നേടിയിട്ടുള്ളതാണ് KSRTC, എന്നാൽ 2017 അവസാനം മുതൽ കോട്ടയത്തുള്ള കൊണ്ടോടിയുടെ ബോഡി നിർമ്മാണ യൂണിറ്റിലാണ് KSRTC ബസുകൾ നിർമ്മിക്കുന്നത്.