ഏഷ്യൻ കപ്പില്‍ ഇന്ന് ഇന്ത്യ പ്രബലരായ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുമ്ബോള്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ആ വിജയം ഓര്‍ക്കാതിരിക്കുന്നതെങ്ങനെ, വിജയശില്‍പിയേയും.
തൊട്ടു മുൻപത്തെ ഹെല്‍സിങ്കി ഗെയിംസില്‍ (1952) ആദ്യ റൗണ്ടില്‍ തന്നെ യുഗോസ്ലാവിയയോട് 1-10 ന് തോറ്റു നാണം കെട്ടിരുന്ന ഇന്ത്യക്ക് മെല്‍ബണില്‍ ആരും തരിമ്ബും സാധ്യത കല്‍പിച്ചിരുന്നില്ല . ക്യാപ്റ്റൻ സമര്‍ ബാനര്‍ജി ഉള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ പോലും ഒരു വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന് സംശയം.
പക്ഷേ കളി തുടങ്ങിയതോടെ കഥ മാറി. ഒൻപതാം മിനിറ്റില്‍ ഓസീസ് സെന്റര്‍ ബാക്കിനെ കബളിപ്പിച്ച് സമര്‍ ബാനര്‍ജി ഗോള്‍ ഏരിയക്ക് തൊട്ടുപുറത്തുനിന്ന് തൊടുത്ത വോളി പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ വായുവില്‍ നീന്തി പന്തില്‍ തലവെച്ച നെവില്‍ ഡിസൂസക്ക് പിഴച്ചില്ല. ഇന്ത്യ ഒരു ഗോളിന് മുന്നില്‍.
മുപ്പത്തിമൂന്നാം മിനിറ്റില്‍ പി കെ ബാനര്‍ജിയുടെ ബൂട്ടില്‍ നിന്ന് കോരിയെടുത്ത പന്ത് ഗോള്‍കീപ്പര്‍ റോണ്‍ ലോര്‍ഡിന്റെ കൈകളില്‍ നിന്ന് ചോര്‍ന്നപ്പോള്‍ എങ്ങുനിന്നോ കുതിച്ചെത്തി ചിപ്പ് ചെയ്ത് വലയ്ക്കുള്ളിലാക്കി വീണ്ടും ഓസ്ട്രേലിയയെ ഞെട്ടിക്കുന്നു നെവില്‍. തീര്‍ന്നില്ല, രണ്ടാം പകുതിയുടെ തുടക്കത്തില്‍ കണ്ണയ്യന്റെ ബാക്ക് ഹീല്‍ പാസില്‍ നിന്ന് മൂന്നാമതൊരു ഗോള്‍ കൂടി. ഇടംകാലില്‍ കുരുക്കിയെടുത്ത് വലം കാല്‍ കൊണ്ട് നിറയൊഴിക്കുന്നതിന് പകരം പകച്ചു നിന്ന ഗോളിയുടെ വലതുഭാഗത്തുകൂടി പന്ത് വലയിലേക്ക് ഉരുട്ടിവിടുകയായിരുന്നു തന്ത്രശാലിയായ നെവില്‍. ഗാലറികള്‍ തരിച്ചുപോയ നിമിഷം.
കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കേ ഓസീസ് ശവപ്പെട്ടിക്ക് മേല്‍ നാലാമത്തെ ആണിയും അടിച്ചുകയറ്റി നെവിൽ. പന്തുമായി 25 വാരയോളം ഒറ്റയ്ക്ക് ഓടി ബോക്സിനകത്ത് കടന്നുചെന്ന് ഗോളിയുടെ തലക്ക് മുകളിലൂടെ നെവിൽ ഉതിര്‍ത്ത വെടിയുണ്ട ആരും കണ്ടതുപോലുമില്ല.
ഇടക്ക് ഓസ്ട്രേലിയ രണ്ടു ഗോള്‍ തിരിച്ചടിച്ചിരുന്നു, അവരുടെ ടീമിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരൻ ബ്രൂസ് മോറോയിലൂടെ. പില്‍ക്കാലത്ത് ഓസ്ട്രേലിയൻ ഫുട്ബോളിലെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായി മാറിയ മോറോയുടെ അരങ്ങേറ്റ മത്സരമായിരുന്നു അതെന്ന് കൂടി അറിയുക.
വര്‍ഷങ്ങള്‍ക്ക് ശേഷം 2000ല്‍ ഓസ്ട്രേലിയൻ ഫുട്ബോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ അംഗത്വം സ്വീകരിച്ച ശേഷം മോറോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: “35 വര്‍ഷത്തെ കളിജീവിതത്തില്‍ എന്നെ വിസ്മയിപ്പിച്ച കളിക്കാര്‍ നിരവധിയുണ്ട്. വേദനിപ്പിച്ച ഒരാളേയുള്ളൂ – നെവില്‍ ഡിസൂസ. അന്താരാഷ്ട്ര ഫുട്ബോളില്‍ എന്റെ അരങ്ങേറ്റം ദുരന്തമാക്കി മാറ്റിയ കളിക്കാരനെ എങ്ങനെ മറക്കാൻ?”.
നാട്ടിലേക്ക് തിരിച്ചുപോരും വഴി സൗഹൃദമത്സരത്തില്‍ ഒരിക്കല്‍ കൂടി ഓസ്ട്രേലിയയെ ഇന്ത്യയെ നേരിട്ടു. ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയം ഫ്ലൂക്ക് അല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ടല്ലോ. പൊരുതിക്കളിച്ച ആതിഥേയരെ ഇന്ത്യ വീഴ്ത്തിയത് നെവിലിന്റെ ഒരു ജോഡി ഗോളുകള്‍ക്ക് !!
ഈ കഥക്കൊരു വേദനാജനകമായ ട്വിസ്റ്റ് കൂടിയുണ്ട്; നെവിലിന്റെ അനിയനും മുൻ ഇന്റര്‍നാഷണലുമായ ഡെറിക് ഡിസൂസയുടെ ഭാഷയില്‍ ‘ആന്റി ക്ലൈമാക്സ്’. മെല്‍ബണിലെ മിന്നുന്ന പ്രകടനത്തിന് ശേഷവും ദേശീയ ടീമിലേക്ക് വീണ്ടുമൊരിക്കല്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടില്ല അദ്ദേഹം. 1960ലെ റോം ഒളിമ്ബിക്സിന്റെ ട്രയല്‍സിന് പോലും ക്ഷണിക്കപ്പെട്ടില്ല. ഫെഡറേഷനില്‍ അദ്ദേഹത്തിന് തലതൊട്ടപ്പന്മാര്‍ ഇല്ലായിരുന്നു എന്നതാണ് കാരണം. അവഗണനയുടെ വേദനയില്‍ കളിക്കളങ്ങളില്‍ നിന്നകന്നു നെവില്‍.
തീർന്നില്ല…..1980ല്‍ ഭാര്യ ലൈറയേയും മക്കളായ നൈജലിനെയും ലീസലിനേയും ഫ്ലൂറലിനെയും വിട്ട് നെവില്‍ യാത്രയായപ്പോള്‍ പേരിനൊരു അനുശോചന സന്ദേശം പോലുണ്ടായില്ല അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനില്‍ നിന്ന് !!!