റാന്നി: കോവിഡ് ലോക്ഡൗണോടെ നിര്‍ത്തലാക്കിയ നെല്ലിക്കമൺ വഴി റാന്നിയിലേക്കുള്ള തിരുവല്ല ഡിപ്പോയുടെ കെ.എസ്.ആര്‍.ടി.സി ബസ് പുനരാരംഭിക്കണമെന്ന് ആവശ്യം.
തിരുവല്ലയിൽ നിന്നും വെണ്ണിക്കുളം, വാളക്കുഴി, തീയാടിക്കൽ, വൃന്ദാവനം കണ്ടൻപേരൂർ,നെല്ലിക്കമൺ വഴി റാന്നിയിലേക്കുണ്ടായിരുന്ന ബസ് സര്‍വീസ് നിലച്ചിട്ട് നാലു വര്‍ഷമാകുന്നു. 2020 മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ് സര്‍വീസ് നിര്‍ത്തലാക്കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജനജീവിതം സാധരണ നിലയിലായി മറ്റു റൂട്ടുകൾ വഴി ബസുകള്‍ ആരംഭിച്ചിട്ടും നെല്ലിക്കമൺ വഴി റാന്നിയിലേക്കുള്ള ഈ സർവീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല.
ഇതുമൂലം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഞായറാഴ്‌ച ഉള്‍പ്പെടെയുള്ള അവധി ദിനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്നവര്‍ വലിയ ക്ലേശം സഹിക്കേണ്ടി വരുന്നുണ്ട്. തിരുവല്ല ഡിപ്പോയുടെ ഏറ്റവും ലാഭകരമായ സര്‍വീസുകളില്‍ ഒന്നായിരുന്ന ഇത്.ബസ് അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.