കൊച്ചി: കേരളത്തിലും രാജ്യത്തെമ്പാടും വിദേശരാജ്യങ്ങളിലും അന്വേഷണ ഏജന്‍സികള്‍ കൈവെട്ട് കേസ് പ്രതി സവാദിനെ തപ്പിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കൃത്യത്തിനുപയോഗിച്ച മഴുവുമായാണ് സവാദ് അന്ന് കടന്നുകളഞ്ഞത്.
ആക്രമണത്തിനിടയില്‍ സവാദിന് ചെറിയതോതില്‍ പരിക്കേറ്റിരുന്നു. ഈ പരിക്കുമായി ആലുവവരെ എത്തിയതിന് തെളിവുണ്ട്. കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനുശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ ആദ്യഘട്ടത്തില്‍ സവാദിനെ ബെംഗളൂരുവില്‍നിന്ന് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും സ്ഥിരീകരണം പിന്നീടുണ്ടായില്ല.
ഏറെക്കാലം നേപ്പാളില്‍ ഒളിവില്‍ക്കഴിഞ്ഞ പ്രതി എം.കെ. നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു പിന്നീടുള്ള സംശയം. എന്നാല്‍, നാസര്‍ കീഴടങ്ങിയശേഷവും സവാദിനെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. വിദേശത്ത് കണ്ടതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍.ഐ.എ. അന്വേഷണം ശക്തമാക്കിയിരുന്നു.
നയതന്ത്രപാഴ്സലില്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റുചെയ്ത പ്രതികളില്‍ ഒരാളും ദുബായില്‍ സവാദിനെ കണ്ടതായി വാര്‍ത്തകള്‍ പരന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ പാകിസ്താന്‍, ദുബായ് എന്നിവിടങ്ങളില്‍ സവാദിനെ കണ്ടെത്താനായി തിരച്ചില്‍ നടത്തിയിരുന്നതായാണ് വിവരം. അഫ്ഗാനിസ്താന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും എന്‍.ഐ.എ. അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിറിയയിലേക്ക് കടന്നതായി ചില വിവരങ്ങള്‍ കിട്ടിയെങ്കിലും അതിനും തെളിവുകിട്ടിയിരുന്നില്ല.
അതേസമയം, കൊടുംഭീകരന്‍ സവാദിനെ പിടികൂടാന്‍ എന്‍.ഐ.എ.ക്ക് തുണയായത് ഇളയകുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ്. ഷാജഹാന്‍ എന്നപേരിലാണ് സവാദ് അറിയപ്പെട്ടിരുന്നതെങ്കിലും ഒമ്പതുമാസംമുമ്പ് ജനിച്ച കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ സവാദ് എന്നപേരാണ് ചേര്‍ത്തിരുന്നത്. ആധാര്‍കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡ് എന്നിവയിലും സവാദ് എന്നാണ് ചേര്‍ത്തിരുന്നത്. ഇവ വീട്ടില്‍നിന്ന് എന്‍.ഐ.എ. സംഘം പിടിച്ചെടുത്തു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതോടെ വരുമാനം മുടങ്ങിയ സവാദ്, ഏഴെട്ടുമാസംമുമ്പ് തൊഴില്‍തേടി കണ്ണൂരിലെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയിരുന്നു. മുമ്പ് എന്‍.ഐ.എയില്‍ ജോലിചെയ്തിരുന്ന ചില പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂരില്‍ നിരീക്ഷണം ശക്തമാക്കി.
ഏതാനുംദിവസംമുമ്പ് ഒരാള്‍ വീടിനെക്കുറിച്ച് കൃത്യമായ വിവരം നല്‍കി. പക്ഷേ, പേര് ഷാജഹാന്‍ ആണെന്നത് അന്വേഷണസംഘത്തെ കുഴക്കി. ഇവിടെ കുഞ്ഞുണ്ടെന്ന് മനസ്സിലാക്കിയ സംഘം നഗരസഭയിലെ ജനനസര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും ഈ വീട്ടുവിലാസത്തിലുള്ളയാള്‍ സവാദാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ചൊവ്വാഴ്ചയായിരുന്ന ഈ സ്ഥിരീകരണം. അന്നു വൈകിട്ട് രണ്ടുകാറുകളിലായി അഡീ. എസ്.പി. സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ 12 എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍നിന്ന് പുറപ്പെട്ടു. വീടുകണ്ടെത്തിയ ആള്‍ ഇവരോടൊപ്പം ചേര്‍ന്നു. പുലര്‍ച്ചെ മൂന്നരയോടെ വീട്ടിലെത്തി.
ഏറെനേരം കതകില്‍ മുട്ടിയപ്പോള്‍ ഭാര്യയാണ് വാതില്‍ തുറന്നത്. ഭര്‍ത്താവിനെ വിളിക്കാന്‍ പറഞ്ഞപ്പോള്‍ സവാദ് എത്തി. പേരുചോദിച്ചപ്പോള്‍ ഷാജഹാന്‍ എന്നുപറഞ്ഞു. ജോസഫിന്റെ കൈവെട്ടിയപ്പോള്‍ കൂടെയുണ്ടായിരുന്നവരുടെ കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് സവാദിന്റെ പുറത്ത് മുറിവേറ്റിരുന്നു. ഇത് തുന്നിക്കെട്ടിയതിന്റെ പാട് പുറത്തുണ്ടായിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു.
ഷര്‍ട്ടുമാറ്റി പുറത്തെ ഈ പാട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇത് എങ്ങനെയുണ്ടായതാണെന്ന് ചോദിച്ചു. മുള്ളുകൊണ്ടതാണെന്ന് മറുപടി പറഞ്ഞു. ചോദ്യംചെയ്യല്‍ കടുപ്പിച്ചതോടെ താന്‍ സവാദാണെന്ന് സമ്മതിക്കുകയായിരുന്നു. വീടുകാട്ടിക്കൊടുത്തയാള്‍ ഇതിനകം മടങ്ങിയിരുന്നു. ഏതാനുംമണിക്കൂറുകള്‍കൊണ്ട് നടപടി പൂര്‍ത്തിയാക്കിയ സംഘം സവാദിനെയുംകൊണ്ട് കൊച്ചിയിലേക്ക് മടങ്ങി.