പാലക്കാട്: വടക്കഞ്ചേരിയില്‍ മോഷ്ടാക്കള്‍ വിലസുന്നു. ഒറ്റ രാത്രിയില്‍ പന്തലാംപാടം, വാണിയംപാറ മേഖലകളിലെ വിവിധ ഇടങ്ങളിലാണ് കവര്‍ച്ചയുണ്ടായത്. പന്തലാംപാടം മയ്യത്താങ്കര ജാറത്തിലും വാണിയംപാറയിലെ ഒരു വീട്ടിലുമാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ ആറുമാസത്തിനിടെ സമാനമായ നിരവധി മോഷണങ്ങള്‍ നടന്നത് വടക്കഞ്ചേരി പോലീസിന് തലവേദനയാവുകയാണ്.
വര്‍ധിച്ചു വരുന്ന മോഷണങ്ങള്‍ തടയാന്‍ വടക്കഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചിട്ട് ആഴ്ച ഒന്നാകുന്നേയുള്ളു. പക്ഷേ മോഷ്ടാക്കള്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. ഏറ്റവും ഒടുവില്‍ മയ്യത്താങ്കര ജാറത്തിലും , വാണിയംപാറ മേലെ ചുങ്കത്ത് തറയില്‍ അരുണിന്റെ വീട്ടിലുമാണ് ഒറ്റ രാത്രിയില്‍ മോഷണം നടന്നത്. സമീപത്തെ വീടുകളില്‍ മോഷണശ്രമവും നടന്നു. മയ്യത്താങ്കര ജാറത്തില്‍ നിന്നും 8000 രൂപയാണ് നഷ്ടമായത്.
അരുണിന്റെ വീട്ടില്‍ നിന്നും 10000 രൂപയും എംടിഎം കാര്‍ഡ് അടങ്ങിയ പേഴ്സും മോഷ്ടിച്ചു. രാത്രി ഒമ്പതരയോടെയാണ് ഇവരുടെ വീട്ടില്‍ മോഷണം നടന്നത്. ഈ സമയം അരുണും ഭാര്യയും അമ്മയും അടുക്കളയിലായിരുന്നു. മുന്‍വശത്തെ വാതില്‍ അടച്ചിരുന്നില്ല. അരുണിന്റെ സഹോദരന് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ജേഷ്ഠന്റെ മുറിയില്‍ നിന്നും ഒരാള്‍ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടത്.
ആര്‍ക്കും സംശയം തോന്നാത്ത വിധം മുറിയില്‍ നിന്നും വന്ന ഇയാള്‍ വീടിന് പുറത്ത് എത്തിയതും പറമ്പിലൂടെ ഓടിമറഞ്ഞു. ഇതോടെ അരുണും സഹോദരനും ബഹളം വെച്ച് സമീപത്തുള്ളവരെയും വിവരം അറിയിച്ചു. ഇങ്ങനെ അയല്‍വാസി മുകളില്‍ കയറി ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ മോഷ്ടാവ്. ടെറസിലെ കസേരയില്‍ ഇരിക്കുകയായിരുന്നു. പെട്ടന്ന് അവിടെ നിന്നും ചാടി ഇയാള്‍ പിന്‍വശത്തെ പറമ്പിലൂടെ രക്ഷപ്പെട്ടു.
പന്തലാംപാടം ജാറത്തില്‍ രാത്രി 11 മണിയോടെയാണ് മോഷണം നടന്നത്. ജാറത്തിന്റെ മുന്‍വശത്തെ ഗ്രില്‍ ഡോറിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. രണ്ടാഴ്ച മുന്‍പ് സമീപത്തെ ദേശീയപാതയോരത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്നും 10 പവനും ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു. സംഭവത്തിന് പിന്നിലുള്ള ഒരാളെയും പിടികൂടാന്‍ പോലീസിന് സാധിക്കാത്തതാണ് ആളുകളുടെ ഭയം കൂട്ടുന്നത്. ജാഗ്രത ശക്തമാക്കിയിട്ടും വടക്കഞ്ചേരിയുടെ ഉറക്കം കെടുത്തി മോഷ്ടാക്കള്‍ വിഹരിക്കുകയാണ്.