NEWSWorld

കൊടുംഭീകരന്‍ ഹാഫിസ് സയീദ് പാക്ക് കസ്റ്റഡിയില്‍; 78 വര്‍ഷം തടവ്

ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ കസ്റ്റഡിയിലാണെന്നും 78 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സ്ഥിരീകരണം. ഭീകപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണ് സയീദ് ശിക്ഷ അനുഭവിക്കുന്നതെന്ന് യുഎന്‍ വ്യക്തമാക്കുന്നു.

ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള സയീദിനെ വിട്ടുനല്‍കണമെന്ന് ഡിസംബറില്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഇയാളെ തേടുന്നുണ്ട്്. ഹാഫിസ് സയീദിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ കത്ത് ലഭിച്ചെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നും പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു.

Signature-ad

പണം കടത്തു കേസിലാണ് സയീദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ ഭീകര പട്ടികയില്‍പ്പെട്ടയാളാണ് ഹാഫിസ് സയീദ്. ഇങ്ങനെയുള്ളവരെ കൈമാറാന്‍ ഇന്ത്യയുമായി വ്യവസ്ഥയില്ലെന്നാണ് പാക്ക് വാദം. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സയീദിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ഇയാളുടെ മകന്‍ തല്‍ഹ സയീദ് ലഹോറിലെ സ്ഥാനാര്‍ഥിയാണ്.

ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ സ്ഥാപകനായ സയീദിനെ ‘സാമ്പത്തിക ഭീകരവാദം’ നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ലഹോര്‍ കോടതി 33 വര്‍ഷം തടവിന് കഴിഞ്ഞവര്‍ഷം ശിക്ഷിച്ചിരുന്നു. യുഎസ് ഒരു കോടി ഡോളര്‍ ഇയാളുടെ തലയ്ക്കു വിലയിട്ടിട്ടുണ്ട്. സയീദിനെ 2008 ഡിസംബറിലാണ് യുഎന്‍ രക്ഷാസമിതി തീവ്രവാദിയായി പ്രഖ്യാപിച്ചത്. വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2019 ജൂലൈ മുതല്‍ പാക്കിസ്ഥാനില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ സുരക്ഷയില്‍ കഴിയുകയാണ് ഹാഫിസ് സയീദെന്നും ആരോപണമുണ്ട്.

 

Back to top button
error: