IndiaNEWS

ചെങ്കടലിൽ സുരക്ഷയ്ക്ക് ഇന്ത്യൻ നാവികസേനയും

ന്യൂഡല്‍ഹി: ചെങ്കടലിലും അറബിക്കടലിലും കടല്‍ക്കൊള്ളയും ഡ്രോണ്‍ ആക്രമണങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തിപ്പെടുത്താൻ ഇന്ത്യൻ നാവികസേനയും.

 പ്രതിരോധത്തിനായി ആറ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കടുത്തനടപടികള്‍ സ്വീകരിക്കുമെന്നും നാവികസേനാമേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു.

Signature-ad

കപ്പലുകളിൽ ഡ്രോണുകളെ പ്രതിരോധിക്കാൻ ജി.പി.എസ്. ജാമറുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. സൊമാലിയൻ തീരത്തുനിന്ന് തട്ടിക്കൊണ്ടുപോയ എം.വി. ലീല നോര്‍ഫോക്ക് എന്ന നൈജീരിയൻ ചരക്കുകപ്പലില്‍നിന്ന് 15 ഇന്ത്യക്കാരുള്‍പ്പെടെ 21 ജീവനക്കാരെ വെള്ളിയാഴ്ച നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

കഴിഞ്ഞമാസം മാള്‍ട്ടയുടെ കപ്പലും ഈ മാസം ലൈബീരിയയുടെ കപ്പലും സൊമാലിയൻ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തിരുന്നു. രണ്ടുസംഭവത്തിലും അതിവേഗത്തില്‍ പ്രതികരിച്ച ഇന്ത്യൻ നാവികസേന ഫലപ്രദമായ ഇടപെടലാണ് നടത്തിയത്.

റഷ്യയില്‍നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളില്‍നിന്നും ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്. റഷ്യയില്‍നിന്നുള്ള ചരക്ക് ആഫ്രിക്ക കറങ്ങിവരുമ്ബോള്‍ വലിയ ചെലവാണുണ്ടാകുന്നത്.അതേസമയം സൂയസ് കനാലിലൂടെ ചെങ്കടല്‍കടന്ന് അറബിക്കടലിലെത്തിയാല്‍ അത് എളുപ്പമാര്‍ഗമാകും. ഈ പാതയിലാണ് കപ്പലുകള്‍ക്കുനേരേ കൂടുതൽ ആക്രമണം  നടക്കുന്നത്.നിലവിൽ അമേരിക്കയുടേതുൾപ്പടെ യുദ്ധകപ്പലുകൾ മേഖലയിൽ പട്രോളിങ് നടത്തുന്നുണ്ട്.

നിര്‍ണായകമായി ‘മാര്‍ക്കോസ്’

കടല്‍രക്ഷാദൗത്യങ്ങളില്‍ ഏറെ നിര്‍ണായകപങ്ക് വഹിക്കുന്നത് ‘മാര്‍ക്കോസ്’ എന്ന മറൈൻ കമാൻഡോ വിഭാഗമാണ്. കൊച്ചി നാവികസേനാ താവളത്തിലെ ഡൈവിങ് സ്കൂളിലാണ് ‘മാര്‍ക്കോസ്’ കമാൻഡോകളുടെ പ്രധാന പരിശീലനം. ലോകത്തിലെ ഏറ്റവും മികച്ച പത്ത് കമാൻഡോ വിഭാഗങ്ങളില്‍ ഒന്നായിട്ടാണ് ഇന്ത്യൻ നാവികസേനയുടെ ‘മാര്‍ക്കോസ്’ വിലയിരുത്തപ്പെടുന്നത്.

ആകാശത്തുനിന്ന് പാരച്യൂട്ടില്‍ കപ്പലുകളിലേക്കും മറ്റും ഇറങ്ങാൻ വൈദഗ്ധ്യമുള്ള കമാൻഡോ സംഘമാണ് ‘മാര്‍ക്കോസ്’. 20 വയസ്സില്‍ താഴെയുള്ള അസാധാരണ ധൈര്യവും ആത്മവിശ്വാസവുമുള്ള യുവാക്കളെയാണ് ‘മാര്‍ക്കോസി’ലേക്ക് തിരഞ്ഞെടുക്കുന്നത്.

Back to top button
error: