SportsTRENDING

കേരളത്തിൽ പന്ത് തട്ടണമെങ്കിൽ  അര്‍ജന്റീന ടീമിന് നല്‌കേണ്ടത് 45 കോടി !!

തിരുവനന്തപുരം: കേരളത്തില്‍ അര്‍ജന്റീന ഫുട്ബോൾ ടീം ജൂലൈയില്‍ അന്താരാഷ്ട്ര സൗഹൃദ മല്‍സരം കളിക്കാന്‍ എത്തുമെന്ന കായികമന്ത്രിയുടെ വാക്കുകളില്‍ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ കേരളത്തിലേക്ക് ലയണല്‍ മെസിയും സംഘവും എത്തണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്.

സാമ്പത്തികം മുതല്‍ മികച്ച പരിശീലന ഗ്രൗണ്ടുകള്‍ വരെ ഇക്കാര്യത്തിൽ ആവശ്യമാണ്. ഇതു മാത്രമല്ല, അര്‍ജന്റീന ടീമിന് നല്‌കേണ്ട 45 കോടി ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 100 കോടി രൂപയെങ്കിലും സംഘാടകരായ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടിയും വരും.

അര്‍ജന്റീനയെ കേരളത്തിലെത്തിക്കാന്‍ ഏറ്റവും വലിയ കടമ്പ അവര്‍ക്കായി നല്‌കേണ്ട 45 കോടി രൂപയാണ്. മെസി ഇല്ലെങ്കില്‍ ഈ തുകയില്‍ നിന്ന് 3 കോടി രൂപ കുറവുവരും. എങ്കില്‍പ്പോലും 42 കോടി രൂപ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന് കൈമാറേണ്ടി വരും.

Signature-ad

 

ലോകകപ്പിന് ശേഷം ഇത്തരത്തില്‍ 2 സൗഹൃദ മല്‍സരങ്ങള്‍ അര്‍ജന്റീന കളിച്ചിരുന്നു. ജൂണ്‍ 15ന് ചൈനയില്‍ വച്ച് ഓസ്‌ട്രേലിയയ്‌ക്കെതിരേയും ജൂണ്‍ 19ന് ഇന്തോനേഷ്യയ്‌ക്കെതിരേ ജക്കാര്‍ത്തയിലും വച്ചായിരുന്നു അത്. ഈ മല്‍സരങ്ങള്‍ക്കായി ഇപ്പോള്‍ ഇന്ത്യയിലെത്താന്‍ പറയുന്നത്ര തുകയും അവര്‍ വാങ്ങിയിരുന്നു.

 

അര്‍ജന്റീനയ്ക്ക് പറ്റുന്ന എതിരാളികളെ തന്നെ എത്തിക്കേണ്ടി വരുമെന്നതിനാൽ മല്‍സരത്തിനായി ഇന്ത്യയിലെത്തുന്ന രണ്ട് ടീമുകള്‍ക്കുമായി ഏകദേശം 70 കോടി രൂപയെങ്കിലും പ്രതിഫലമായി കേരളത്തിലെ സംഘാടകര്‍ നല്‍കേണ്ടി വരും.

 

ഈ വരുന്ന രണ്ട് ടീമുകള്‍ക്കും സെവന്‍സ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ഹോട്ടലുകളില്‍ താമസം ഒരുക്കണം. ഇതിനൊപ്പം പ്രധാന സ്റ്റേഡിയത്തിലെ സൗകര്യങ്ങളുമായി കിടപിടിക്കുന്ന പരിശീലന സൗകര്യവും ഒരുക്കേണ്ടതായിട്ടുണ്ട്.

 

നിലവിലെ അവസ്ഥയില്‍ കൊച്ചി നെഹ്‌റു സ്റ്റേഡിയം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവയില്‍ ഒന്നിനെയാകും വേദിയായി പരിഗണിക്കുക. കൊച്ചിക്ക് മറ്റൊരു പ്രശ്‌നമുള്ളത് ഇവിടെ സ്റ്റേഡിയത്തോട് ചേര്‍ന്ന് നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ്.ഇത് സുരക്ഷാ ഭീക്ഷണി അടക്കമുള്ള കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

 

ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും ഈ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഈ സ്ഥാപനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സംഘാടകര്‍ നല്‍കേണ്ടിവരും. ഫിഫ നിയമപ്രകാരം സ്റ്റേഡിയത്തിലെ സ്ഥാപനങ്ങള്‍ മല്‍സരദിവസം തുറക്കാന്‍ പാടില്ല.

 

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പക്ഷേ ഈ പ്രശ്‌നമില്ല. എന്നാല്‍ സ്റ്റേഡിയം ഇപ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൈവശമാണ്. 30 ലക്ഷം രൂപയോളം വര്‍ഷം മുടക്കിയാണ് അവര്‍ സ്‌റ്റേഡിയം പരിപാലിക്കുന്നത്. ഈ സ്റ്റേഡിയം വിട്ടുകിട്ടാന്‍ പണം നല്‌കേണ്ടിവരും.

 

അതേസമയം അര്‍ജന്റീന ക്യാപ്റ്റനായിട്ട് മെസിയുടെ അരങ്ങേറ്റം ഇന്ത്യയിലായിരുന്നു. 2011 ല്‍ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേല ആയിരുന്നു എതിരാളികള്‍. അന്ന് മല്‍സരത്തിന്റെ സംപ്രേക്ഷണ അവകാശം വിറ്റുപോയത് 20 കോടി രൂപയ്ക്കാണ്. ടിക്കറ്റ് വില്പനയിലൂടെ മാത്രം 5 കോടി രൂപ സംഘാടകരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നേടാന്‍ സാധിച്ചു.

Back to top button
error: