ഇടുക്കി: അതിഥികള്‍ക്കായി വന്യമൃഗത്തെ വേട്ടയാടിയ കേസില്‍ ശാന്തന്‍പാറയിലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരും അതിഥികളായി എത്തിയവരും പിടിയില്‍. വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും കണ്ടെടുത്തു.
ശാന്തന്‍പാറയിലെ ജി എ പ്ലാന്റ്റേഷനില്‍ നിന്നാണ് മുള്ളന്‍പന്നിയെ വേട്ടയാടി കറിവെച്ച് ഭക്ഷിച്ചത്. ശേഷം ഇവര്‍ മടങ്ങുമ്പോള്‍ കറി വാഹനത്തില്‍ കൊണ്ടുപോയി. തലക്കോട് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയപ്പോഴാണ് വാഹനത്തില്‍ നിന്നും കറി കണ്ടെത്തിയത്.
എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ ഇറച്ചിയും നായാട്ടിനായി ഉപയോഗിച്ച തോക്കും വനം വകുപ്പ് പിടികൂടി. പീരുമേട് സ്വദേശിയായ എസ്റ്റേറ്റ് ജീവനക്കാരി ബീന, ശാന്തന്‍പാറ പുത്തന്‍വീട്ടില്‍ വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ പുതുവേല്‍ മനോജ്, തിരുവല്ല സ്വദേശി പഞ്ചായത്ത് മഠത്തില്‍ രമേശ് കുമാര്‍, തിരുവനന്തപുരം സ്വദേശികളായ സ്വദേശികളായ അസം റസൂല്‍ഖാന്‍, അസ്മുദീന്‍ എച്ച്, ഇര്‍ഷാദ് കെ എം എന്നിവരാണ് പിടിയിലായത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്റ്റേറ്റ് കേന്ദ്രീകരിച്ച് വ്യാപകമായി മൃഗ വേട്ട നടത്തിയിട്ടുണ്ടോ എന്നും മറ്റ് നായാട്ടു സംഘങ്ങള്‍ ഉണ്ടോ എന്നതിനെ സംബന്ധിച്ചും വനം വകുപ്പ് വിശദമായി പരിശോധിച്ച് വരികയാണ്.