KeralaNEWS

പ്രധാനമന്ത്രി എത്തിയ വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ ശ്രമം; തൃശ്ശൂരില്‍ യൂത്ത് കോണ്‍ – ബിജെപി സംഘര്‍ഷം

തൃശ്ശൂര്‍: നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ച വേദിക്ക് സമീപമുള്ള മരം മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും അസഭ്യവര്‍ഷവുമുണ്ടായി. ഇതോടെ സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റി. യൂത്ത് കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് നടുവിലായി ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചതോടെ നിലവില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. എന്നാല്‍, പ്രദേശത്ത് നിന്നും പിരിഞ്ഞുപോകാന്‍ ഇരുവിഭാഗം പ്രവര്‍ത്തകരും തയ്യാറായിട്ടില്ല.

പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജില്‍ ചാണകം തളിയ്ക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുമുണ്ടായേക്കുമെന്ന് വിവരമുണ്ടായിരുന്നു. ഇത് തടയാന്‍ വേണ്ടിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

Signature-ad

പ്രദേശത്തെ സംഘര്‍വാസ്ഥ ഒഴിവാക്കുന്നതിനായി ഒരു വിഭാഗം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെയാണ് നിലവില്‍ അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രദേശത്ത് തന്നെ തുടരുകയാണ്. പ്രധാനമന്ത്രിയുടെ തൃശ്ശൂരിലെ സന്ദശനവുമായി ബന്ധപ്പെട്ട് തേക്കിന്‍കാട് മൈതാനിയിലെ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയത് വലിയ വിവാദമായിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

 

Back to top button
error: