തിരുവനന്തപുരം: ഇടുക്കി വെള്ളിയാമറ്റത്തു 13 കന്നുകാലികള്‍ ചത്തതിനു പിന്നില്‍ തീറ്റയായി നല്കിയ കപ്പത്തൊലിയിലെ സയനൈഡ് വിഷമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ (സിടിസിആര്‍ഐ) ശാസ്ത്രജ്ഞര്‍ തള്ളി. കപ്പത്തൊലി കഴിക്കുന്നതിലൂടെ പശുക്കളുടെ ജീവന് നഷ്ടമാകാനുള്ള സാധ്യത താരതമ്യേന കുറവാണ്. അതേസമയം, കന്നുകുട്ടിക്കു വന്‍തോതില്‍ കപ്പത്തൊലി ആദ്യമായി നല്കിയാല് സ്ഥിതി ഗുരുതരമാകാന്‍ സാധ്യത കൂടുതലാണെന്നും സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി.ബൈജു പറഞ്ഞു.
ഞായറാഴ്ച രാത്രിയാണു കന്നുകാലികള്‍ക്കു കപ്പത്തൊലി നല്‍കിയത്. അര മണിക്കൂറിനുള്ളില്‍ ഇവ തൊഴുത്തില്‍ തളര്‍ന്നുവീണു. മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. ജെസി സി.കാപ്പന്റെ നേതൃത്വത്തിലാണു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഹൈഡ്രോ സൈനിക് ആസിഡ് കൂടുതലുള്ള കപ്പത്തൊലിയാണു കന്നുകാലികള്‍ക്കു കൂടുതലായി നല്‍കിയതെന്ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ് പിആര്‍ഒ ഡോ.നിശാന്ത് എം.പ്രഭ പറഞ്ഞു.
തമിഴ്നാട്ടില്‍ മുഖ്യമായും കൃഷി ചെയ്യുന്ന കപ്പ ഇനങ്ങളില്‍ 250 മുതല്‍ 300 മില്ലിഗ്രാം വരെ സൈനോ ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്. ഇത്തരം കിഴങ്ങ് കേരളത്തിലേക്കു വന്‍തോതില്‍ എത്തുന്നുണ്ട്. ഇതു ഹാനികരമാണെന്നു ഡോ. ബൈജു പറഞ്ഞു. കേരളത്തിലുണ്ടാകുന്ന കപ്പയില്‍ ഒരു ഗ്രാം കിഴങ്ങില്‍ 50 മൈക്രോഗ്രാമില്‍ താഴെ മാത്രമേ സൈനോ ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.