മിക്ക ഹിന്ദു- ക്രിസ്ത്യൻ വീടുകളില്‍ ഏറിവന്നാല്‍ ഒരു കുട്ടിയാണുള്ളത്. അതിലൂടെ കേരളത്തിലെ ജനസംഖ്യ നേര്‍പകുതിയായി. എന്നാല്‍ ഇസ്‍ലാമിക ഗൃഹങ്ങളില്‍ ആറ് മക്കളാണുള്ളത്. അവിടെ ജനസംഖ്യ മൂന്നിരട്ടിയായി കൂടുകയാണെന്നും ഹിന്ദുവിനും ക്രിസ്ത്യാനിക്കും പകുതിയായി കുറയുകയാണെന്നും ചിദാനന്ദപുരി പറയുന്നു. സ്വാമി ചിദാനന്ദപുരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് സന്താനോത്പാദനത്തെ പറ്റി പറയുന്നത്.
ഇന്ന് ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാൻ പോലും തയ്യാറാവാത്ത ഒരു അവസ്ഥയുണ്ട്. കല്യാണം കഴിച്ചാലും പ്രസവിക്കാൻ തയാറല്ല എന്ന് പറയുന്നവരുമുണ്ട്. ഇത്തരത്തില്‍ നൂറ് കണക്കിന് കേസുകള്‍ ആശ്രമത്തില്‍ വരാറുണ്ട്. അതിനൊപ്പം കല്യാണമെന്ന വ്യവസ്ഥയെ തന്നെ എതിര്‍ക്കുന്ന ഒരു സമൂഹവും ഹിന്ദു -ക്രിസ്ത്യൻ വീടുകളില്‍ വളര്‍ന്നുവരുന്നുണ്ട്. ലിവിങ്ങ് ടുഗദര്‍ പോരെ എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്. വിവാഹവും സന്താനോത്പാദനവുമാണ് മുഖ്യമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ആ ഒരു ധാരണ നമ്മുടെ മക്കള്‍ക്ക് കൊടുത്തേ മതിയാവു. അതിലൂടെ നമ്മുടെ ധര്‍മത്തിന്റെ പിന്തുടര്‍ച്ചയുണ്ടാകു എന്ന് മനസിലാക്കണമെന്നും ചിദാനന്ദപുരി പറയുന്നു.