KeralaNEWS

സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും: 239 ഇനങ്ങൾ, 9571 പ്രതിഭകൾ: കൗമാരകലയുടെ പൂരത്തിന്റെ സമാപനത്തിന് മമ്മൂട്ടി വിശിഷ്‌ടാതിഥിയാവും

    കലാപൂരത്തിന്റെ 5 നാളുകള്‍ക്ക് ഇന്ന് തിരിതെളിയും. കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍  രാവിലെ പത്തിന് 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, കെ.ബി.ഗണേഷ്‌കുമാര്‍, ജെ.ചിഞ്ചുറാണി, മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. തുടര്‍ന്ന് 24 വേദികളില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും   വരുന്ന അഞ്ചുനാളുകൾ കൗമാരകലയുടെ പൂരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക.

ഭിന്നശേഷി കുട്ടികളുടെ വാദ്യമേളത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കാസർകോട്‌ ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗലം കളി അവതരിപ്പിക്കും. സ്കൂൾ കലോത്സവത്തിന്‍റെ സ്വാഗതഗാനത്തിന്‌ ആശാശരത്താണ് നൃത്താവിഷ്‌കാരം നൽകുന്നത്.

കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് നല്‍കാനുള്ള സ്വര്‍ണക്കപ്പിന് ബുധനാഴ്ച ജില്ലാ അതിര്‍ത്തിയായ കുളക്കടയില്‍ വരവേല്‍പ് നല്‍കി. മത്സരവിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും നല്‍കാനുള്ള 12,000 പുതിയ ട്രോഫികള്‍ രാത്രിയോടെ തൃശ്ശൂരില്‍നിന്ന് കൊല്ലത്ത് എത്തിച്ചു.

മത്സരാര്‍ഥികള്‍ക്ക് കൊല്ലം നഗരത്തിലെ 23 സ്‌കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ 30 സ്‌കൂള്‍ ബസുകള്‍ കലോത്സവ വാഹനങ്ങളായി ഓടുന്നു.  തീവണ്ടിമാര്‍ഗം എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വേദികള്‍, താമസസൗകര്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കും. 24 വേദികളിലേക്കും മത്സരാർഥികളെ സൗജന്യമായി എത്തിക്കുന്നതിന് 25 ഓട്ടോറിക്ഷകള്‍ സജ്ജമാണ്. പ്രത്യേകം ബോര്‍ഡ് വെച്ചാണ് ഇവ സർവീസ് നടത്തുന്നത്.  കെഎസ്ആര്‍ടിസിയും കൊല്ലം കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കും. കൊല്ലം ക്രേവന്‍ സ്‌കൂളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിട്ടുള്ളത്. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്.

അപ്പീൽ വഴിയെത്തിയ 331 പേർ ഉൾപ്പെടെ 9,571 പ്രതിഭകളാണ് 239 ഇനങ്ങളിലായി മത്സരിക്കുന്നത്. 3,969 ആൺകുട്ടികളും 5,571 പെൺകുട്ടികളുമാണ്‌. 24 വേദികളാണ് കാലാപൂരത്തിനായി സജ്ജമാക്കിയിരിക്കുന്നത്. പതിനാല് സ്‌കൂളുകളിലായി 2,475 ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകളിലായി 2,250 പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ടൗണ്‍ ബസ് സർവീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്ന നാൾ വരെ സർവീസ് നടത്തും.

6000 ചതുരശ്ര അടിയിലാണ്‌ ആശ്രാമം മൈതാനത്തെ പ്രധാനവേദി. കലോത്സവത്തിന്‍റെ സമാപന സമ്മേളനം എട്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങിൽ വിശിഷ്‌ടാതിഥിയാവും.

Back to top button
error: