NEWSWorld

ഭീകരാക്രമണത്തിന്  ടെല്‍ അവീവിൽ മറുപടി തരുമെന്ന് ഇസ്രായേലിനോട് ഇറാൻ

ടെഹ്റാൻ: രാജ്യത്തുണ്ടായ   ഭീകരാക്രമണത്തിന്  ടെല്‍ അവീവിൽ മറുപടി തരുമെന്ന് ഇസ്രായേലിനോട് ഇറാൻ.

2020 ൽ അമേരിക്ക വധിച്ച മുൻ ഇറാൻ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷികാചരണത്തിന് ഒത്തുകൂടിയവര്‍ക്കിടയിലാണ് ഇന്നലെ വൈകിട്ട് ഇരട്ട സ്ഫോടനം നടന്നത്. സംഭവത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു

Signature-ad

ഇറാനിലെ തെക്കൻ നഗരമായ കിര്‍മാനില്‍ സാഹിബ് അല്‍സമാൻ മസ്ജിദിനു സമീപം പ്രകടനമായി ഖബറിനരികിലേക്ക് നീങ്ങിയവര്‍ക്കിടയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 3.04 നായിരുന്നു ഇത്. പിന്തിരിഞ്ഞോടിയവര്‍ക്കിടയില്‍ 13 മിനിട്ടുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. 103 പേരുടെ മരണം സ്ഥിരീകരിച്ചതായി കിര്‍മാൻ എമര്‍ജൻസി സര്‍വീസ് മേധാവി മുഹമ്മദ് സ്വബരി അറിയിച്ചു. 140ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്രായേൽ ആണ് ഇതിന് പിന്നിലെന്ന് ഇറാൻ ആരോപിച്ചു.കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘കൊല്ലുന്ന’ വീഡിയോ ഇറാൻ സൈന്യം പുറത്തുവിട്ടിരുന്നു.തങ്ങളുടെ സൈനിക ഉപദേഷ്ടാവിനെ സിറിയയില്‍ വെച്ച്‌ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ഇത്.

സംഭവം വെറുമൊരു വീഡിയോ ആയിരുന്നെങ്കിലും ഇസ്രയേലിനെയും സഖ്യകക്ഷികളെയും ഇത് ചൊടിപ്പിച്ചിരുന്നു.അങ്ങനെയൊരു ശ്രമമുണ്ടായാൽ  ടെഹ്‌റാനില്‍ കയറി അടിക്കുമെന്ന് അമേരിക്ക അതിന് അപ്പോൾത്തന്നെ മറുപടിയും കൊടുത്തിരുന്നു.

അതേസമയം ഇറാനിലെ ഭീകരാക്രമണത്തിന് ഇസ്രായേലിലെ ടെല്‍ അവീവിലും ഹൈഫയിലും മറുപടി നല്‍കണമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻവക്താവ് ഡോ.കിയാനുഷ് ജഹാൻപുര്‍ പറഞ്ഞു. ഈ രക്തസാക്ഷികളുടെ കുടുംബങ്ങളുടെയും ഇറാൻ ജനതയുടെയും വേദന പരിഹരിക്കാൻ ഇതല്ലാതെ മാര്‍ഗമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Back to top button
error: