തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ചെലവു കുറയ്ക്കാന്‍ ശ്രമിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. വരുമാനം വര്‍ധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാല്‍ കുഴപ്പത്തിലാകും. മുറുക്കാന്‍ കടയിലെ സാമ്പത്തിക ശാസത്രം മാറ്റുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തും. സമയക്രമത്തിന്റെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിനു കാരണമെങ്കില്‍ സമയക്രമം പരിഹരിക്കും. ഉള്‍മേഖലയിലേക്കു പോവുന്ന ബസുകള്‍ നിര്‍ത്തിലാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
”കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ മൂലയൂട്ടുന്ന അമ്മമാര്‍ക്കു പ്രത്യേക സൗകര്യം ഒരുക്കും. വലിയ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് ആദായനികുതി വകുപ്പിന്റെ അനുവാദം വാങ്ങണം. അതിനുള്ള അപേക്ഷ കൊടുക്കാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കി. യൂണിയനുകളുമായി സൗഹൃദത്തില്‍ തന്നെ പോകും. ശമ്പളം, പെന്‍ഷന്‍ എന്നിവയാണു തൊഴിലാളികളുടെ ആവശ്യം. വിഷയത്തില്‍ സുതാര്യമായ ചര്‍ച്ചയുണ്ടാവും” -മന്ത്രി വ്യക്തമാക്കി. മുന്‍ മന്ത്രി ആന്റണി രാജുവുമായി യാതൊരു തര്‍ക്കവുമില്ല. നല്ല സുഹൃത്തുക്കളാണ്. തന്റെ അച്ഛന്റെ കൂടെ എംഎല്‍എയായിരുന്നയാളാണ് അദ്ദേഹമെന്നും താനും അച്ഛനൊപ്പം എംഎല്‍എ ആയിരുന്നയാളാണെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
ഗണേഷിന്റെ അഴിമതി പരാമര്‍ശത്തിനെതിരെ ആന്റണി രാജു രംഗത്ത് വന്നിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് അദ്ദേഹം വകുപ്പിലെ ചോര്‍ച്ച കണ്ടത് എങ്ങനെയാണെന്നും നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ക്കെതിരെയും അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചയാളാണ് ഗണേഷ്. അഭിപ്രായം പറയുമ്പോള്‍ കുറച്ചുകൂടി പക്വത കാണിക്കേണ്ടതായിരുന്നുവെന്നും അതേ നാണയത്തില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.
”ഗണേഷിന്റെ പിതാവിനൊപ്പം എംഎല്‍എ ആയിരുന്നയാളാണ് ഞാന്‍. ഗാലറിയില്‍ ഇരുന്നു കളി കാണാന്‍ എളുപ്പമാണ്. ഇറങ്ങി കളിക്കാനാണ് പാട്. മുന്‍ ഗതാഗത മന്ത്രിമാര്‍ ഉണ്ടാക്കിവച്ച 3150 കോടിയുടെ കടം 2900 ആയി കുറച്ചു. 1000 കോടി പലിശയും അടച്ചു. അല്ലാതെ ഒരു രൂപയും കടത്തില്‍ കൂട്ടിയിട്ടില്ല. കെഎസ്ആര്‍ടിസി കംപ്യൂട്ടറൈസേഷന്‍ നടത്തി ഇപ്പോള്‍ ട്രയല്‍ റണ്‍ നടത്തുകയാണ്. എല്ലാ ഡിവിഷനിലും പ്രഫഷനലിസം കൊണ്ടുവന്നു. ഇനി വരുന്നവര്‍ക്ക് സുഗമമായി ഭരിക്കാം. അഴിമതിക്ക് ചീഫ് എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്ത ആളാണ് ഞാന്‍. എനിക്കെതിരെ അഴിമതി ആരോപണം ഇല്ല. അഴിമതിക്കേസില്‍ ജയിലില്‍ കിടന്നിട്ടുമില്ല”- ആന്റണി രാജു പറഞ്ഞു.