കൊച്ചി: തൃശൂര്‍ പൂരത്തിനു വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിനു വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ദേവസ്വം ബഞ്ച്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചു ആളുകള്‍ വരുന്നത് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.
പൂരം ദിവസങ്ങളില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷത്തെ പൂരത്തിനു ആചാര ലംഘനമുണ്ടായെന്നു ചൂണ്ടിക്കാണിച്ച് തൃശൂര്‍ സ്വദേശിയായ കെ നാരായണന്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
തെക്കേ ഗോപുര നടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയെന്നും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കിടക്കുന്നുവെന്നുമുള്ള മാധ്യമ വാര്‍ത്തയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചയ്തിരുന്നു. ഇതും പരിഗണിച്ചാണ് ഉത്തരവ്. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം കോടതി അംഗീകരിച്ചു. തേക്കിന്‍കാട് മൈതാനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നു ഉറപ്പു വരുത്താന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പതിവായി പട്രോളിങ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.