NEWSWorld

വാര്‍ത്താസമ്മേളനത്തിനിടെ കഴുത്തില്‍ കുത്തേറ്റു; കൊറിയന്‍ പ്രതിപക്ഷ നേതാവ് ഗുരുതരാവസ്ഥയില്‍

സോള്‍: ദക്ഷിണ കൊറിയന്‍ പ്രതിപക്ഷപാര്‍ട്ടി നേതാവ് ലീ ജെ മ്യുങി(59)ന് കഴുത്തില്‍ കുത്തേറ്റു. ബൂസാനിലെ പോര്‍ട്ട് സിറ്റിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പുതുതായി വിമാനത്താവളം നിര്‍മിക്കുന്ന പ്രദേശം സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുനീങ്ങുമ്പോള്‍ മുന്നിലെത്തിയ ആള്‍ ലീയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ലീ നിലത്തുവീണുകിടക്കുന്നതും ആളുകള്‍ ഓടിക്കൂടി അദ്ദേഹത്തിന്റെ മുറിവേറ്റ കഴുത്തില്‍ തൂവാലവെച്ച് അമര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ലീ കാറിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ അക്രമി ഇദ്ദേഹത്തോട് ഓട്ടോഗ്രാഫ് ചോദിച്ചെന്നും തുടര്‍ന്ന് കത്തിയ്ക്ക് സമാനമായ ആയുധംകൊണ്ട് അക്രമിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പ്രാദേശിക മാധ്യമത്തോടു പറഞ്ഞു.

Signature-ad

ലീയെ ഉടന്‍ ആംമ്പുലന്‍സില്‍ കയറ്റുകയും പിന്നീട് ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വാര്‍ത്താഏജന്‍സിയായ യൊന്‍ഹപ് റിപ്പോര്‍ട്ടുചെയ്തു. സംഭവസ്ഥലത്തുനിന്നും കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന് രക്തസ്രാവം ഉണ്ടായെന്നും എന്നാല്‍ ബോധം നഷ്ടപ്പെട്ടിട്ടില്ലായെന്നും വാര്‍ത്താ ഏജന്‍സി പറഞ്ഞു. അക്രമിയെ അറസ്റ്റുചെയ്തായി സൗത്ത് കൊറിയന്‍ വാര്‍ത്താ ഏജന്‍സി ചോസുന്‍ ഇല്‍ബോ റിപ്പോര്‍ട്ടുചെയ്തു.

ഡെമോക്രാറ്റിക് പാര്‍ട്ടി തലവനായ ലീ, 2022ലെ പ്രസിസന്റ് തിരഞ്ഞടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ യൂന്‍ സുക് യോലിനോട് പരാജയപ്പെട്ടിരുന്നു. സൗത്ത് കൊറിയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ലീക്കെതിരായ ആക്രമണത്തില്‍ പ്രസിഡന്റ് യൂന്‍ സുക് യോല്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. 2027ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലീ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ സജീവമായി പ്രചരിക്കുന്നതിനിടെയാണ് ആക്രമണം എന്നതാണ് ശ്രദ്ധേയം.

അതേസമയം, വിവിധ അഴിമതി ആരോപണ കേസുകളില്‍ വിചാരണ നേരിടുന്ന ലീയെ, കസ്റ്റഡിയിലെടുക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ സെപ്തംബറില്‍ കോടതി തള്ളിയിരുന്നു. ഉത്തരകൊറിയയിലേക്ക് അനധികൃതമായി എട്ട് മില്യണ്‍ ഡോളര്‍ കൈമാറ്റം ചെയ്ത സ്ഥാപനുമായി ബന്ധപ്പെട്ട കേസിലടക്കം അദ്ദേഹം വിചാരണ നേരിടുന്നുണ്ട്.

 

 

Back to top button
error: