KeralaNEWS

കുട്ടിക്കര്‍ഷകന്റെ വീട്ടില്‍ ആശ്വാസവുമായി മന്ത്രിമാര്‍; 5 പശുക്കളെ നല്‍കും, ഒരു മാസത്തേക്ക് കാലിത്തീറ്റയും സൗജന്യം

ഇടുക്കി: വെള്ളിയാമറ്റത്ത് കപ്പത്തൊണ്ടു കഴിച്ച 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ മന്ത്രിമാരെത്തി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവരാണ്, ഉപജീവനമാര്‍ഗം നഷ്ടമായ കുട്ടികളുടെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി എത്തിയത്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. മന്ത്രിമാര്‍ ഇവരുടെ വീട്ടിലെ തൊഴുത്തിലും സന്ദര്‍ശനം നടത്തി.

പിന്നാലെ നടന്‍ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘അബ്രാഹം ഓസ്‌ലറിന്റെ’ അണിയറപ്രവര്‍ത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തി. വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരന്‍ വളര്‍ത്തിയ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍.

Signature-ad

കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. കുടുംബത്തിന് അഞ്ച് പശുക്കളെ സൗജന്യമായി നല്‍കും. അടുത്ത ആഴ്ച തന്നെ പശുക്കളെ കൈമാറും. മാട്ടുപ്പെട്ടിയില്‍നിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നല്‍കുന്നത്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നല്‍കും. ഇന്നുതന്നെ മില്‍മ അടിയന്തര സഹായമായി 45,000 രൂപ ഇവര്‍ക്കു കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ ധനസഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ മന്ത്രി ചിഞ്ചുറാണി കുട്ടികളെ ഫോണിലൂടെ ബന്ധപ്പെട്ട് വിവരം അന്വേഷിക്കുകയും വീട്ടിലെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിമാരുടെ സന്ദര്‍ശനം.

”ഞായറാഴ്ച രാത്രിയാണ് ഞങ്ങള്‍ ഇത്തരമൊരു സംഭവം അറിയുന്നത്. മാത്യു നേരിട്ട് അഡീഷനല്‍ സെക്രട്ടറിയെ വിളിച്ചിരുന്നു. അവിടെനിന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യമായ എല്ലാ ഏര്‍പ്പാടും ചെയ്തുകൊടുത്തത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്രയും പശുക്കള്‍ ഒരുമിച്ചു മരണപ്പെടുന്നത് ആദ്യ സംഭവമാണ്. എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയണമായിരുന്നു. അതിനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി. പശുക്കളെ മറവു ചെയ്യാനുള്ള ഏര്‍പ്പാടും ചെയ്തുകൊടുത്തു.” -മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

 

Back to top button
error: