KeralaNEWS

ഗവര്‍ണറും സജിയും അയല്‍ക്കാരാകും; കടന്നപ്പള്ളിക്ക് നിള, തൈക്കാട്ടേക്ക് വീണ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും മാറ്റം വരുന്നു. മന്‍മോഹന്‍ ബംഗ്ലാവിലേക്ക് മന്ത്രി സജി ചെറിയാന്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്ഭവന്റെ അയല്‍വക്കത്തായാണ് മന്‍മോഹന്‍ ബംഗ്ലാവ്. വിവാദ പ്രസംഗത്തെതുടര്‍ന്ന് രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായെങ്കിലും ഔദ്യോഗിക വസതി ലഭിച്ചിരുന്നില്ല. വാടക വീട്ടിലായിരുന്നു മന്ത്രി കഴിഞ്ഞിരുന്നത്.

ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജി രാജിവെച്ചതോടെ അദ്ദേഹം താമസിച്ചിരുന്ന മന്‍മോഹന്‍ ബംഗ്ലാവ് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി സജി ചെറിയാന് കൈമാറും. അസൗകര്യം പറഞ്ഞ് ഔദ്യോഗിക വസതി ഒഴിഞ്ഞ മന്ത്രി വീണ ജോര്‍ജിന് തൈക്കാട് ഹൗസ് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസിന്റെ സമീപത്തായിരുന്നു മന്ത്രി വീണാ ജോര്‍ജ് താമസിച്ചിരുന്ന നിള. ഇവിടെ നിന്നിറങ്ങിയ വീണാ ജോര്‍ജിന് അഹമ്മദ് ദേവര്‍കോവില്‍ താമസിച്ചിരുന്ന തൈക്കാട് ഹൗസ് ലഭിക്കാനാണ് സാധ്യത. നിളയിലെ പുതിയ താമസക്കാരനാകാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണെത്തുക.

മന്ത്രി കെബി ഗണേഷ് കുമാര്‍ പുതിയ വീട് വേണ്ടെന്നും കുടപ്പനക്കുന്നിലെ സ്വന്തം വീട് മതിയെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മന്ത്രിമാരുടെ വീടുമാറ്റം സംബന്ധിച്ച ഉത്തരവുകളെല്ലാം വൈകാതെ പുറത്തിറങ്ങും.

 

Back to top button
error: