ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗങ്ങളൊക്കെ മുൻപ് നാം ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയിരുന്നു. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു.
ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ. ചിലയിടങ്ങളിൽ ഇതിന് കാവത്ത് എന്നും പറയും.ക്രീം മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള കാച്ചിൽ ഉണ്ട്. തൊലിക്ക് ചാരം കലർന്ന തവിട്ടു നിറം ആയിരിക്കും.
വൈറ്റമിൻ സി, പൊട്ടാസ്യം, അന്നജം ഇവയുടെ ഉറവിടമാണ് കാച്ചിൽ. ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കാലറി ഉണ്ട്. 27 ഗ്രാം അന്നജം, 1 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം കൊഴുപ്പ്, 4 ഗ്രാം നാരുകൾ, സോഡിയം, പൊട്ടാസ്യം, അയൺ, വൈറ്റമിൻ എ, സി എന്നിവയും ഉണ്ട്.
ഇവ കൂടാതെ ശക്തിയേറിയ സസ്യ സംയുക്തങ്ങളും ആന്തോസയാനിൻ ഉൾപ്പെടെയുള്ള ആന്റി ഓക്സിഡന്റുകളും കാച്ചിലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കാച്ചിലിൽ ഉള്ള ആന്തോസയാനിനുകൾ ഒരു തരം പോളിഫിനോൾ ആന്റി ഓക്സിഡന്റുകളാണ്. പതിവായി പോളിഫിനോൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിവിധയിനം കാൻസറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കും. കോളൻ കാൻസർ, ലങ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ ഇവയെല്ലാം വരാനുള്ള സാധ്യത കുറയ്ക്കാനും കാച്ചിൽ സഹായിക്കും.
ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാച്ചിലിലെ ഫ്ലേവനോയ്ഡുകൾ സഹായിക്കുന്നു. ഓക്സീകരണ സമ്മർദവും ഇൻസുലിൻ പ്രതിരോധവും കുറയ്ക്കാൻ കാച്ചിൽ സത്ത് സഹായിക്കും. വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാച്ചിലിന് കഴിവുണ്ട്.
ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കാച്ചിൽ സഹായിക്കും. റസിസ്റ്റന്റ് സ്റ്റാർച്ചിന്റെ ഉറവിടമാണിത്. ഉദരത്തിലെ നല്ല ബാക്ടീരിയയായ bifidobacteria യുടെ അളവ് കൂട്ടാൻ കാച്ചിലിലെ റസിസ്റ്റന്റ് സ്റ്റാർച്ച് സഹായിക്കും. സങ്കീർണമായ അന്നജത്തെയും നാരുകളെയും വിഘടിപ്പിക്കാൻ ഈ ബാക്ടീരിയ പ്രധാന പങ്കു വഹിക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ കോളറെക്ടൽ കാൻസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം ഇവയെല്ലാം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.