KeralaNEWS

വരുന്നൂ ‘സമരാഗ്നി,’ കാസർകോട് നിന്ന് തിരുവനന്തപുരം വരെ വി.ഡി സതീശനും കെ. സുധാകരനും നയിക്കുന്ന കോൺഗ്രസ് ജാഥ

       കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ എന്ന  സംസ്ഥാനതല ജാഥ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ജനുവരി 21-ന് കാസര്‍കോടു നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ കെ.പി.സി.സിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അതത് ജില്ലകളുടെ പുറത്തുള്ള 140 പേര്‍ക്ക് ചുമതല നല്‍കും. കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ 20 വാര്‍ റൂമുകള്‍ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തില്‍ തുറക്കും. കെ.പി.സി.സിയില്‍ സെന്‍ട്രല്‍ വാര്‍ റൂമും പ്രവര്‍ത്തിക്കും.

Signature-ad

ജനുവരി ഏഴിന് വണ്ടിപ്പെരിയാറില്‍ ‘മകളെ മാപ്പ്’ എന്ന പേരില്‍ 5000 വനിതകള്‍ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി മകളെ മാപ്പ്’ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നു. മറിയക്കുട്ടിയെ പോലുള്ള 50 ലക്ഷത്തിലധികം പേരാണ് ഇപ്പോള്‍ നരകയാതന അനുഭവിക്കുന്നത്. സര്‍ക്കാരില്‍നിന്ന് ആനുകൂല്യം ലഭിക്കാത്തതുമൂലം വലിയൊരു ജനവിഭാഗം കൊടിയ ദുരിതത്തിലൂടെ കടന്നുപോകുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ തുടര്‍സമരങ്ങള്‍ക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു.

കേരളത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക വസ്തുത അറിയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു എന്നീ പോഷകസംഘടനകള്‍ നടത്തിയ ഉജ്വല പോരാട്ടത്തെ കെ.പി.സി.സി അഭിനന്ദിച്ചു.

Back to top button
error: